ദില്ലി: മോട്ടോർ വാഹന നിയമ ഭേദഗതിയിന്മേലുള്ള പിഴ തുക അതത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇത് സംബന്ധിച്ച നിർദ്ദേശം ഉടൻ ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണം ഉണ്ടാക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, ആളുകളുടെ സുരക്ഷയാണ് പ്രധാനമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ ഗുജറാത്ത് സർക്കാർ 90 ശതമാനത്തോളം ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്രം നിഷ്കര്ഷിച്ച പിഴ തുകയുടെ തോതിൽ ഏറ്റവും ഉയർന്നത് ഈടാക്കാനുള്ള തീരുമാനവുമായാണ് കേരള സർക്കാർ മുന്നോട്ടുപോയത്, ഇത് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി അനുസരിച്ച് നിയമലംഘനങ്ങൾക്ക് കർശന ശിക്ഷയും കനത്ത പിഴയുമാണ് ഈടാക്കേണ്ടത്. ഈ മാസം ഒന്നാം തീയതി മുതലാണ് ഭേദഗതി പ്രാബല്യത്തിൽ വന്നത്. ഇതിന് പിന്നാലെ രാജ്യമെമ്പാടും കർശന പരിശോധനയാണ് ഗതാഗത വകുപ്പ് നടത്തി വന്നത്. ഈ സാഹചര്യത്തിലാണ് പിഴയിൽ ഇളവ് വരുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

നിയമഭേദഗതി പ്രകാരം സീറ്റ് ബെൽറ്റ് ധരിക്കാതെയോ, ഹെൽമെറ്റ് ധരിക്കാതെയോ വാഹനം ഓടിച്ചാൽ 1000 രൂപ വരെയായിരുന്നു പിഴ. എന്നാൽ ഗുജറാത്ത് സർക്കാർ ഇത് 500 രൂപയാക്കി മാറ്റിയിട്ടുണ്ട്. ഇതേ രീതിയിൽ മറ്റ് സംസ്ഥാനങ്ങളും ഇനി ഇളവുകൾ പ്രഖ്യാപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here