ദില്ലി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. കിഴക്കന്‍ ലഡാക്കില്‍ ബുധനാഴ്ച മുഴുവന്‍ നീണ്ടുനിന്ന ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിച്ചതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സൈനികര്‍ ബുധനാഴ്ച രാവിലെ പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ചൈനീസ് സൈനികര്‍ അവരെ തടഞ്ഞുവെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളും ചെറിയ രീതിയിലുള്ള സംഘര്‍ഷവും ഉണ്ടായി. പ്രദേശത്തേക്ക് ഇരു രാജ്യങ്ങളും കൂടുതല്‍ ആളുകളെ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ടിബറ്റ് മുതല്‍ ലഡാക്ക് വരെ നീളുന്ന തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടെന്നും നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് നിലവിലുള്ളതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫ്ളാഗ് ചര്‍ച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതിനുമുമ്പും ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് ചുറ്റും ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2017 ആഗസ്റ്റില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും ബുധനാഴ്ച നടന്നതുപോലെ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഓഫീസര്‍മാര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here