മലയാള സിനിമാസംഗീതത്തിന്‍റെ ചരിത്രത്തിനൊപ്പം നടന്ന സംഗീത സംവിധായകനാണ് വി ദക്ഷിണാമൂർത്തി. മലയാളത്തിന്‍റെ സംഗീതസാഗരമായിരുന്ന, ശുദ്ധസംഗീതത്തിന്‍റെ നിത്യോപാസകനായിരുന്ന ദക്ഷിണാമൂർത്തി സ്വാമി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇത് ആറാം വർഷം.

ചലച്ചിത്രഗാനങ്ങളില്‍ ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ച് പുതിയ ചലച്ചിത്ര സംഗീതരീതിയ്ക്ക് തന്നെ തുടക്കമിട്ട മഹാപ്രതിഭയായിരുന്നു ദക്ഷിണാമൂർത്തി സ്വാമികൾ . കാവ്യത്തിൻ്റെ അർത്ഥഭംഗി ചോരാതെ കാവ്യഗുണത്തെ പൂർണ്ണമായും സംഗീതത്തിലേയ്ക്കു സന്നിവേശിപ്പിക്കാനുള്ള സ്വാമിയുടെ സിദ്ധി അനുപമമായിരുന്നു. ഇത്തരത്തിൽ കര്‍ണാടകസംഗീതത്തെ ചലച്ചിത്രഗാനങ്ങളില്‍ സമർത്ഥമായി സന്നിവേശിപ്പിച്ച്‌ ആറുപതിറ്റാണ്ടിലേറെ കാലം സംഗീത സംവിധാനരംഗത്ത് സജീവമായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമികൾ.

ഈണങ്ങള്‍ മറ്റ് ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് കടമെടുത്തിരുന്ന ശൈലി പൊളിച്ചെഴുതിയത് ദക്ഷിണാമൂർത്തി സ്വാമികളാണ്. മലയാളിയെ ശുദ്ധ സംഗീതത്തിൽ ലയിപ്പിച്ച നിരവധി ഗാനങ്ങൾ സ്വാമി സൃഷ്ടിച്ചു. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍, പാട്ടുപാടി ഉറക്കാം ഞാന്‍, ഉത്തരാ സ്വയംവരം, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും ഹൃദയ സരസ്സിലെ, വാതില്‍പ്പഴുതിലൂടെന്‍ തുടങ്ങിയ ഗാനങ്ങള്‍ മലയാളികളുടെ കാതിൽ എന്നെന്നും നിത്യഹരിതമായി മുഴങ്ങുന്നവയാണ്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനരചനയില്‍ ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി യേശുദാസ് ആലപിച്ച ഗാനങ്ങള്‍ മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്‍റെ തിരുശേഷിപ്പുകളാണ്.

1919 ഡിസംബര്‍ 22-ന് ഡി വെങ്കടേശ്വര അയ്യരുടെയും പാര്‍വതി അമ്മാളുടെയും മകനായി ആലപ്പുഴയില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തിക്ക് സംഗീതത്തിന്‍റെ ആദ്യപാഠങ്ങള്‍ ചൊല്ലിക്കൊടുത്തത് അമ്മ തന്നെയായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് വെങ്കടാചലം പോറ്റിയില്‍നിന്ന് സംഗീതം അഭ്യസിച്ചു. 1950-ല്‍ കുഞ്ചാക്കോ നിര്‍മിച്ച ‘നല്ല തങ്ക’ യിലൂടെയായിരുന്നു ചലച്ചിത്ര സംഗീത സംവിധായകനെന്ന നിലയില്‍ അരങ്ങേറ്റം. യേശുദാസിന്‍റെ പിതാവ് അഗസ്റ്റിന്‍ ജോസഫായിരുന്നു ഈ സിനിമയിലെ നായകനും ഗായകനും. പിന്നീട് യേശുദാസും ദാസിന്‍റെ മകന്‍ വിജയും വിജയയുടെ മകള്‍ അമേയയും സ്വാമിയുടെ കീഴില്‍ പാടിയെന്നത് ചരിത്രമാണ്.

125-ഓളം സിനിമകളില്‍ 850-ഓളം പാട്ടുകളാണ് സ്വാമിയുടെ സംഗീത സംവിധാനത്തില്‍ പിറന്നത്. 1971-ല്‍ കേരള സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം , 1998-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി. ഡാനിയല്‍ പുരസ്‌കാരം, 2013-ല്‍ സ്വാതി തിരുനാള്‍ പുരസ്‌കാരം എന്നിവ ദക്ഷിണാമൂര്‍ത്തിയെ തേടിയെത്തി. ഇതിനിടയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ആറ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യ അവസാന നാളുകളിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here