തിരുവനന്തപുരം : പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികൾ സമ്മതിച്ചു.

അതേസമയം ചോദ്യങ്ങൾ പുറത്തുപോയത് എങ്ങനെയെന്നതിനെപ്പറ്റി വ്യക്തമായ മറുപടി പ്രതികളിൽനിന്നും ലഭിച്ചില്ല. ചോദ്യം ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികൾ മറുപടി നല്‍കുന്നില്ലായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികൾ ശ്രമിച്ചത്.

ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറിൽ ഉത്തരം ചോർന്നു കിട്ടിയത് പ്രതികൾ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഒടുവിൽ തെളിവുകൾ ഒരോന്നോരോന്നായി നിരത്തിയപ്പോൾ, ഗതികെട്ട് ഇരുവരും തല കുലുക്കി സമ്മതിക്കുകയായിരുന്നു.

ചോദ്യപേപ്പർ ചോർത്തി പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകേണ്ടതുണ്ട്. പക്ഷെ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. പരീക്ഷാ ഹാളിനുള്ളിൽ പ്രതികള്‍ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here