ദില്ലി: രാജ്യത്തെ വിവിധ ഇടങ്ങളില്‍ പ്രളയത്തില്‍ ഉഴലുന്നവര്‍ക്കു പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുപത്തിമൂന്നാം സ്വാതന്ത്രദിനത്തിന്റെ നിറവില്‍ ദില്ലിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അനുച്ഛേദം 370 ഒഴിവാക്കിയതോടെ കശ്മീരില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ വലിയൊരു വിഭാഗം പൗരന്മാര്‍ കഷ്ടപ്പെടുന്നു. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മുത്തലാഖ് നിയമം രാജ്യത്തെ മുസ്‌ലിം സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തി. മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിനാണ് മുത്തലാഖ് നിരോധിച്ചത്. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here