ലക്‌നൗ: മാലിന്യത്തില്‍ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിക്കുന്ന സ്ത്രീകള്‍ക്കൊപ്പമിരുന്ന് അവരെ സഹായിച്ച് പ്രധാനമന്ത്രി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് മാലിന്യത്തില്‍ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിക്കുന്ന തൊഴില്‍ചെയ്യുന്നവര്‍ക്കപ്പമിരുന്ന് പ്രധാനമന്ത്രിയും പ്ലാസ്റ്റിക് വേര്‍തിരിക്കാന്‍ സഹായിച്ചത്. സ്വഛതാ ഹി സേവാ പരിപാടിയില്‍ 25ഓളം തൊഴിലാളികളാണ് പങ്കെടുത്തത്. മാലിന്യവുമായി മുഖംമൂടിയും കയ്യുറകളുമായാണ് അവര്‍ മോദിയെ കാണാനെത്തിയത്.

വീടുകളില്‍ നിന്നുള്ള മാലിന്യത്തെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിനെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ ചോദ്യങ്ങള്‍ക്കെല്ലാം തൊഴിലാളികള്‍ മറുപടി നല്‍കി. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനൊപ്പം പ്ലാസ്റ്റിക് വേര്‍തിരിക്കാനും മോദി അവരെ സഹായിച്ചു. രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിനുശേഷം മോദി പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനെതിരെ ശക്തമായ ക്യാംപയിനാണ് ആരംഭിച്ചിരിക്കുന്നത്.

റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്ലാസ്റ്റിക്കിനിതിരെ പുതിയ വിപ്ലവം തുടങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബര്‍ 2 മുതല്‍ ഇത് ആരംഭിക്കണമെന്നായിരുന്നു ആഹ്വാനം. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സ്വാതന്ത്രദിന പ്രസംഗത്തിലും ‘പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ’ എന്ന സ്വപ്‌നം മോദി പങ്കുവച്ചിരുന്നു.

2018ല്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസവും 15000 ടണ്‍ പ്ലാസ്റ്റിക്കുകളാണ് പുറന്തള്ളുന്നത്. ഇതില്‍ 9000 ടണ്‍ പ്ലാസ്റ്റിക് പനരുപയോഗിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ബാക്കി 6000 ടണ്‍ പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്തതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here