ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ആംസ്റ്റര്‍ഡാം: നെതർലാൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നടത്തിയ പുരി ജഗന്നാഥ രഥയാത്രയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്താനികളുടെ ആസൂത്രിത ശ്രമം. പരമാവധി പ്രകോപനം ഉണ്ടാക്കാന്‍ പാകിസ്താനികള്‍ ശ്രമിച്ചെങ്കിലും സംയമനം പാലിച്ച ഇന്ത്യന്‍ സമൂഹം രഥയാത്രയുമായി മുന്നോട്ടു പോയത് മൂലം സംഘർഷം ഒഴിവായി. സംഭവത്തിന്റെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ തത്വമയി ന്യൂസിന് ലഭിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. ഇസ്കോണിന്‍റെ നേതൃത്വത്തിലായിരുന്നു രഥയാത്ര. ഡാം സ്ക്വയര്‍ നിന്നാരംഭിച്ച പുരി ജഗന്നാഥരഥയാത്ര നഗരം പ്രദക്ഷിണം ചെയ്ത് ഡാംസ്വക്വയറില്‍ തന്നെ സമാപിച്ചു. രഥയാത്രയില്‍ വിദേശികളും ഇന്ത്യക്കാരും അടക്കം അഞ്ഞൂറിലധികം കൃഷ്ണഭക്തരാണ് ഉണ്ടായിരുന്നത്.

രഥയാത്ര സമാപിച്ചസമയത്താണ് അപ്രതീക്ഷിതമെന്നോണം പാകിസ്താനി സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ അറുപതോളം പേര്‍ സ്ഥലത്തേക്ക് കുതിച്ചെത്തിയത്. ചെറിയ മൈക്ക് കയ്യിലേന്തിയ ഇവര്‍ നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. പോസ്റ്ററുകളും ബാനറുകളും കയ്യിലേന്തിയായിരുന്നു പ്രകോപനം. കശ്മീരിന് ഐക്യദാര്‍ഢ്യം, ഇന്ത്യ ഗോബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പാകിസ്താനികള്‍ മുഴക്കിയത്. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ ഭീകരവാദം നിര്‍ത്തണമെന്നും പ്രകോപനവുമായെത്തിയ പാകിസ്താനികള്‍ ഭീഷണി മുഴക്കി. ഇന്ത്യ കശ്മീരില്‍ സ്വീകരിക്കുന്നത് മനുഷ്യത്വവിരുദ്ധസമീപനമാണെന്നും ആരോപിച്ച പാകിസ്താനികള്‍ പ്രധാനമന്ത്രി മോദിയെയും അപമാനിക്കാൻ ശ്രമിച്ചു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസിന് നേരെയും പാകിസ്താനികള്‍ രോഷം പ്രകടിപ്പിച്ചു.

സംഭവം തികച്ചും ആസൂത്രിതമായിരുന്നുവെന്നാണ് ഇന്ത്യന്‍ സമൂഹത്തിന്‍റെ ആരോപണം. വര്‍ഷങ്ങളായി ആംസ്റ്റര്‍ഡ‍ാമില്‍ ഇസ്കോണിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതാണ് പുരി ജഗന്നാഥരഥയാത്ര. മുന്‍ വര്‍ഷങ്ങളിലൊന്നും ഇത്തരം പ്രകോപനസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൃഷ്ണ ഭക്തരുടെ രഥയാത്രയിലേക്ക് പാകിസ്താനികള്‍ കൂട്ടത്തോടെയെത്തി പ്രകോപനം സൃഷ്ടിച്ച സംഭവത്തില്‍ ഓവര്‍സീസ് ഫ്രണ്ട്സ് ബി ജെ പി പ്രതിഷേധിച്ചു. മതപരമായ ചടങ്ങുകള്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സംഭവത്തില്‍ ആംസ്റ്റര്‍ഡാമിലെ വിവിധ ഇന്ത്യന്‍ സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇന്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. പാകിസ്താനികളുടെ തെമ്മാടിത്തത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആംസ്റ്റര്‍ഡ‍ാം മേയര്‍ക്ക് പരാതി നല്‍കിയതായും ഓവര്‍സീസ് ഫ്രണ്ട്സ് ബി ജെ പി നേതാക്കള്‍ അറിയിച്ചു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താനികളുടെ സമീപനത്തിനെതിരെ ഇന്ത്യയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here