ഹൈദരാബാദ്: അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് നാലാമതും ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇതോടെ മുംബൈക്ക് നാലാം കിരീടം.

ഷെയ്ന്‍ വാട്‌സണ്‍ (59 പന്തില്‍ 80) ഒഴികെ ചെന്നൈ നിരയില്‍ മറ്റൊരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്‌ന (8), അമ്പാട്ടി റായുഡു (1), എം.എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് ചെന്നൈയുടെ പുറത്തായ മറ്റുതാരങ്ങള്‍. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിങ്‌സ്.

കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17 പന്തില്‍ 29 ) എന്നിവരുടെ ഇന്നിങ്സാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ക്വിന്റണ്‍ ഡി കോക്ക് (29), രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15), ഇശാന്‍ കിഷന്‍ (23), ക്രുനാല്‍ പാണ്ഡ്യ (7), ഹാര്‍ദിക് പാണ്ഡ്യ (16), രാഹുല്‍ ചാഹര്‍ (0), മിച്ചല്‍ മക്ക്‌ലെനാഘന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ആദ്യ വിക്കറ്റില്‍ ഡി കോക്ക്- രോഹിത് സഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here