ദില്ലി: 73-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് രാജ്യത്ത് തുടക്കമായി. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു. ഇതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തിയത്.

രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യദിന ആശംസകളോടൊപ്പം രാജ്യത്തെ എല്ലാ സഹോദരീ-സഹോദരന്മാര്‍ക്കും അദ്ദേഹം രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നു.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടമായവര്‍ക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പല മേഖലകളും പ്രളയദുരിതത്തിലാണ്. ദേശീയ ദുരന്തനിവാരണസേന ഉള്‍പ്പെടെയുള്ളവര്‍ പ്രളയബാധിതമേഖലകളില്‍ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യസമരസേനാനികളെും അദ്ദേഹം അനുസ്മരിച്ചു. നിരവധിപേര്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ബലി നല്‍കി. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ തൂക്കിലേറി. ഇന്ന് ഞാന്‍ അവരെയെല്ലാം ഓര്‍മ്മിക്കുന്നു.

പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം എനിക്ക് വീണ്ടും നിങ്ങളെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് പത്ത് ആഴ്ചകള്‍ ആയിട്ടുള്ളുവെങ്കിലും വികസനപദ്ധതികള്‍ക്ക് വേഗത്തിലാണ്. ഞങ്ങളുടെ ജോലികള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് ഒരുദിവസം പോലും കാത്തിരിക്കാനാകില്ല.ആര്‍ട്ടിക്കിള്‍ 370-ഉം 35എയും റദ്ദാക്കിയതിലൂടെ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. മുത്തലാഖ് ബില്ല് നടപ്പിലാക്കിയതിലൂടെ ഞങ്ങള്‍ മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കി.ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. താങ്ങുവില ഉറപ്പാക്കിയതിലൂടെയും വിവിധ പെന്‍ഷനുകള്‍ ആവിഷ്‌കരിച്ചതിലൂടെയും അത് തെളിയിച്ചു.

ആരോഗ്യവിദ്യാഭ്യാസവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തെ കുട്ടികള്‍ അനീതികള്‍ക്ക് ഇരയായിരുന്നു. ഇതെല്ലാം പരിഹരിക്കാന്‍ ഞങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച്‌ ഞങ്ങള്‍ക്ക് വ്യക്തമായപദ്ധതികളുണ്ട്. അത് ഒന്നൊന്നായി നടപ്പാക്കുകയാണ്.

2014-ലെ തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിന്റെ മനോഭാവം ഞാന്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. ഈ രാജ്യത്ത് മാറ്റം സാധ്യമാകുമോ എന്നായിരുന്നു അന്ന് എല്ലാവരും ചിന്തിച്ചിരുന്നത്. പക്ഷേ, അഞ്ചുവര്‍ഷത്തിനുശേഷം 2019-ല്‍ ഈ രാജ്യം മുഴുവന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാക്ഷിയായി. രാജ്യത്തെ പൗരന്മാര്‍ ആത്മവിശ്വാസമുള്ളവരായി. അതെ, എന്റെ രാജ്യത്തിന് മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here