ഇന്ന് ഗുരുപൂര്‍ണിമ. അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു . ഗുരു സങ്കല്‍പ്പം ഒട്ടെല്ലാ രാജ്യങ്ങളിലും പ്രാചീന കാലം മുതല്‍ നിലനിന്നിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ സങ്കല്‍പ്പങ്ങളും രീതികളും മാറി മറിഞ്ഞിട്ടും കാലാതിവര്‍ത്തിയായി ഭാരത സംസ്കാരം നിലനില്‍ക്കുന്നതിനു പിന്നില്‍ ഗുരു സങ്കല്‍പ്പത്തിന്റെ ഉത്കൃഷ്ഠത ഒന്നുകൊണ്ടുമാത്രമാണ്. ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ഇന്ന് നിലവില്‍ ലോകത്തില്ല. ഉണ്ടെങ്കില്‍ അതെല്ലാം മതപരമായ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നിക്കുന്ന മത മാര്‍ഗ ദര്‍ശികള്‍ മാത്രമാണ്.

ഭാരതസംസ്ക്കാരത്തിന്റെ ആധാര ശിലകളായ വേദങ്ങളും ഉപനിഷത്തുക്കളും, പുരാണങ്ങളും, സ്മൃതികളും ഗുരുസങ്കല്‍പ്പത്തിന്റെ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു. ഈ ഗുരുസങ്കല്‍പ്പത്തിനു മുന്നില്‍ സമസ്തവും സമര്‍പ്പിക്കപ്പെടുന്ന പുണ്യ ദിനമാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന മഹത്തായ സങ്കല്പത്തിന് സ്ഥായീഭാവം നൽകുന്ന ഗുരുപൂർണിമ ആഷാഢ മാസത്തിലെ പൗർണമി ദിനത്തിലാണ് ആഘോഷിക്കപ്പെടുന്നത് . അജ്ഞാനാന്ധകാരത്തിൽ പെട്ട് സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്നയാളാണ് ഭാരതത്തിന്റെ ഗുരുസങ്കല്പം.

മനുഷ്യന് യഥാർത്ഥ ജ്ഞാനം പ്രദാനം ചെയ്ത് അവന് ജീവിതത്തിൽ മുന്നോട്ടു പോകാനും മരണതത്വത്തെ മനസ്സിലാക്കി നിർഭയനായി ഭൗതിക ശരീരത്തെ ത്യജിക്കാൻ
പ്രാപ്തനാക്കുകയും ചെയ്യുന്ന പ്രേരണാസ്രോതസാണ് ഗുരു. അതുകൊണ്ട് കൂടിയാണ് ത്രിമൂർത്തികളുടെ സമാഹൃത രൂപമായി ഗുരുവിനെ ഭാരതീയർ കരുതുന്നതും. അതിനാല്‍ ഭാരതീയര്‍ ഇങ്ങനെ വാഴ്ത്തിപ്പാടി

ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ

വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തിദിനമായും വ്യാസൻ വേദങ്ങളെ നാലായി വ്യസിച്ച ദിനമായും കരുതപ്പെടുന്നുണ്ട്. ലോകത്തുള്ളതെല്ലാം വ്യാസനാൽ വിരചിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഭാരതീയ വിശ്വാസം. പരാശര മഹർഷിയുടേയും സത്യവതിയുടേയും പുത്രനായ കൃഷ്ണദ്വൈപായനൻ വേദങ്ങളെ വ്യസിച്ച് വേദവ്യാസനായി വിശ്വഗുരുസ്ഥാനത്തേക്കുയർന്നു. വ്യാസമഹർഷിയുമായി ബന്ധപ്പെട്ടുള്ള ആഘോഷമായതു കൊണ്ട് ഗുരുപൂർണിമ വ്യാസപൂർണിമ എന്നും അറിയപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here