തിരുവനന്തപുരം: വിശ്വാസികളെ എങ്ങനെ കയ്യിലെടുക്കണമെന്ന് അറിയാതെ കടുത്ത ആശയക്കുഴപ്പത്തിലാണ് സി പി എം. ശബരിമല യുവതീ പ്രവേശനത്തിലെ നിലപാട് പോലും സി പി എം മയപ്പെടുത്തിയിട്ടുണ്ട്. യുവതീപ്രവേശനത്തിൽ തൽക്കാലം ആവേശം വേണ്ടെന്നാണ് സിപിഎം സംസ്ഥാനസമിതിയിലെ ച‍ർച്ചയിലുയർന്ന പ്രധാന നിർദേശം. സുപ്രീംകോടതി വിധി വന്നശേഷം പാര്‍ട്ടിയുടെ നിലപാട് ഇതായിരുന്നുവെന്നും സി പി എം സംസ്ഥാന സമിതി വ്യക്തമാക്കി. പലതരത്തിലുള്ള ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സമിതി ഇക്കാര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയത്.

വിശ്വാസകാര്യങ്ങളില്‍ നിന്ന് പാര്‍ട്ടി ഒഴിഞ്ഞു നില്‍ക്കണമെന്നായിരുന്നു സി പി എം പാലക്കാട് പാര്‍ട്ടി പ്ലീനത്തിന്‍റെ തീരുമാനം. പുതിയ നിലപാടോടെ സി പി എം പാലക്കാട് പാര്‍ട്ടി പ്ലീനത്തിലെടുത്ത നിലപാടിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രാദേശിക ക്ഷേത്ര ഭരണകാര്യങ്ങളില്‍ സി പി എം നേതാക്കള്‍ ഇടപെടണമെന്നാണ് സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശം . ബി ജെ പിയുടെ കടന്നുകയറ്റം ചെറുക്കാനാണ് സി പി എമ്മിന്‍റെ പൊടുന്നനെയുള്ള ഈ നിലപാട് മാറ്റം.

ആളെ കിട്ടാത്തതിനാല്‍ സി പി എമ്മിന്‍റെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ വേണ്ടെന്ന് വച്ചിരുന്നു. ശബരിമല യുവതിപ്രവേശനവിഷയത്തില്‍ ഭക്തരെ പരിഹസിക്കുന്ന സി പി എം നിലപാടാണ് ഈ തിരിച്ചടിക്ക് കാരണം .ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിലെ ജനപങ്കാളിത്തം കണ്ട് സി പി എം ആരംഭിച്ചതായിരുന്നു ബദല്‍ യാത്രയും ഘോഷയാത്രയും.

നാലുവര്‍ഷംമുമ്പ് കണ്ണൂരില്‍ തുടക്കംകുറിച്ച പരിപാടി സി പി എം നേതൃത്വത്തില്‍ മറ്റുപല ജില്ലകളിലും നടത്തിയിരുന്നു. സംഘപരിവാറിന്‍റെ നേതൃത്വത്തിലുള്ള ബാലഗോകുലം പരിപാടിയില്‍ കക്ഷിഭേദമെന്യേ സിപിഎം കുടുംബങ്ങളില്‍നിന്നുള്‍പ്പെടെ സ്ത്രീകളും കൃഷ്ണ വേഷംധരിച്ച കുട്ടികളും ശോഭായാത്രയില്‍ പങ്കെടുക്കുന്നത് സി പി എമ്മിന് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അന്നേദിവസം ബദല്‍യാത്രകള്‍ തുടങ്ങിയത്. അന്നത്തെ പാര്‍ട്ടി ജില്ലാസെക്രട്ടറി പി ജയരാജനായിരുന്നു ഇതിനുപിന്നില്‍. എന്നാല്‍, ഇത്തവണ പല കുടുംബങ്ങളും സിപിഎം പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാണക്കേട് ഒഴിവാക്കാന്‍ പരിപാടി വേണ്ടെന്ന് വെക്കാന്‍ സിപിഎം തീരുമാനിച്ചത്.

വിവാദ വിഷയങ്ങളിൽ പാർട്ടിയ്ക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും സി പി എം സംസ്ഥാനസമിതിയുടെ നിര്‍ദ്ദേശമുണ്ട്. പാർട്ടിയുമായി പ്രവർത്തകർ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സംസ്ഥാനസമിതിയിൽ നിർദേശമുയർന്നു.

എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടുത്തുമോ എന്നത് കണ്ടറിയണം. സി പി എമ്മിന് പറ്റിയ പിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ സംസ്ഥാനസമിതിയില്‍ നിരവധി നിർദേശങ്ങളാണ് ഉയര്‍ന്നത്.

മന്ത്രിമാരുടെ പ്രവർത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളുമെല്ലാം സി പി എം സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായി.

സിപിഎം മന്ത്രിമാർക്കെതിരെ സംസ്ഥാന സമിതിയിൽ വന്‍ വിമർശനമാണ് ഉയര്‍ന്നത്. പ്രവർത്തർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാൻ കഴിയുന്നില്ല. ചില പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു. ജില്ലാ കമ്മിറ്റി ശുപാർശകൾ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്നങ്ങള്‍ കേൾക്കണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മാധ്യമ വാർത്തകൾ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയില്‍ നിരീക്ഷണമുണ്ടായി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങൾ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പൊലീസിലെ ഒരു വിഭാഗം ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ നിരീക്ഷണം.

അതിരുകടക്കുന്ന പാര്‍ട്ടി പിരിവിനെ കുറിച്ചായിരുന്നു മറ്റൊരു സ്വയം വിമര്‍ശനം. പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയിൽ ഉയര്‍ന്ന നിരീക്ഷണം. പാർട്ടിയും ബഹുജന സംഘടനകളും ഒരേ സമയം പിരിവെടുക്കുന്നത് ഒഴിവാക്കണമെന്നും നേതാക്കൾ സംസ്ഥാന സമിതിയില്‍ അഭിപ്രായപ്പെട്ടു.

ഫലത്തില്‍ വിശ്വാസകാര്യങ്ങളില്‍ നിന്നുള്ള സി പി എമ്മിന്‍റെ പരിഹാസ്യമായ മലക്കംമറിച്ചില്‍ ആണ് ഇപ്പോള്‍ താഴേത്തട്ടിലുള്ള അണികളില്‍ സംസാരവിഷയം.ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ തോറ്റന്പുമായിരുന്നോ എന്നും വിശ്വാസികളായ പാര്‍ട്ടി അണികള്‍ ചോദിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here