Wednesday, May 8, 2024
spot_img

പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി ; പതനത്തിലേക്ക് എന്ന് സൂചന

ദില്ലി: പഞ്ചാബ് കോൺഗ്രസില്‍ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സോണിയ ഗാന്ധി രൂപീകരിച്ച മൂന്ന് അംഗ സമിതി ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ദില്ലിയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായും ചർച്ച നടത്തും. സംസ്ഥാന കോൺഗ്രസിലെ ചില പ്രധാന വിഷയങ്ങൾ അമരീന്ദർ സിംഗുമായി ചർച്ച ചെയ്യണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി ഇത് അമരീന്ദർ സിങ്ങുമായി ചർച്ച നടത്തുമെന്നും പാർട്ടി മുതിർന്ന നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.

പാർട്ടി ഇടക്കാല മേധാവി സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം സമിതി അംഗങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. മല്ലികാർജുൻ ഖാർഗെ, ജെ പി അഗർവാൾ, ഹരീഷ് റാവത്ത് എന്നിവരടങ്ങുന്ന എഐസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം രണ്ടുതവണ രാഹുൽ ഗാന്ധിയെ കണ്ടു. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന് സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് യോഗമെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.”ഇന്ന് രാവിലെ 11 ന് ഞങ്ങൾ വീണ്ടും കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് പ്രസിഡന്‍റിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചില പോയിന്‍റുകൾ ചർച്ച ചെയ്യാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി ഇത് ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി ചർച്ച ചെയ്യും,” റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാണ്. അമരീന്ദറിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നേതാവ് നവജ്യോത് സിംഗ് സിദ്ദു രംഗത്തിറങ്ങിയ സാഹചര്യത്തിൽ, അമരീന്ദറിനെ ഹൈക്കമാൻഡ് ദില്ലിയിലേക്കു വിളിപ്പിക്കുകയായിരുന്നു. അമരീന്ദറിനെ തള്ളിപ്പറഞ്ഞ് സിദ്ദു രംഗത്തെത്തിയതോടെ, സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇരു നേതാക്കളെയും ഒപ്പം നിർത്താനാണ് നേതൃത്വം ശ്രമിക്കുന്നത്.‘കോൺഗ്രസ് എന്നാൽ അമരീന്ദർ സിംഗ് അല്ല. കോൺഗ്രസിൽ എന്‍റെ മുന്നിലെ വാതിലുകൾ അടഞ്ഞെന്ന് പറയാൻ അദ്ദേഹം ആരാണ്? ഏകാധിപത്യ ഭരണമാണു പഞ്ചാബിൽ നടക്കുന്നത്.’ എന്നായിരുന്നു നവജ്യോത് സിംഗ് സിദ്ദുവിന്‍റെ പരാമർശം. പഞ്ചാബിലെ പാർട്ടി നയത്തിലും ഭരണ നയത്തിലും സമ്പൂർണ്ണ അഴിച്ചു പണിവേണമെന്നാണ് സിദ്ദുവിന്‍റെ നിലപാട്. രണ്ടു സുപ്രധാന കുടുംബങ്ങളുടെ നിഴലിലും കീഴിലുമാണ് പാർട്ടിയും സംസ്ഥാനത്തിന്റെ ഭരണവുമെന്നും സിദ്ധു തുറന്നടിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles