ബെംഗളുരു: ചന്ദ്രയാൻ ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നിലവിൽ നഷ്ടമായ സ്ഥിതിയിലാണുള്ളത്. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയത്.

വിവരങ്ങൾ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതിൽ കൃത്യമായ വിശദീകരണം നൽകാനാകൂ എന്നും കെ ശിവൻ വ്യക്തമാക്കി.

പുലർച്ചെ കൃത്യം 1.39 – ചന്ദ്രയാൻ വിക്രം ലാൻഡർ പതുക്കെ താഴേയ്ക്കിറങ്ങുന്നതിന്‍റെ ഗ്രാഫിക്കൽ റെപ്രസന്‍റേഷൻ സ്ക്രീനിൽ തെളിഞ്ഞു. അപ്പോൾ ചന്ദ്രോപരിതലത്തിൽ നിന്ന് ഉയരം 30.425 കിലോമീറ്റർ.

പതുക്കെ സ്ക്രീനിൽ നിന്ന് ഉയരം കുറഞ്ഞു കുറഞ്ഞ് വന്നുതുടങ്ങി. അതേസമയം തന്നെ, ശാസ്ത്രജ്ഞർ കൃത്യമായ അനൗൺസ്മെന്‍റുകളും നടത്തുന്നുണ്ടായിരുന്നു. ആദ്യം റഫ് ബ്രേക്കിംഗ്. ഇറങ്ങാനുള്ള ആദ്യ ‘ബ്രേക്കിടൽ’, ത്രസ്റ്ററുകൾ ഉപയോഗിച്ച് ആദ്യം അൽപം ‘റഫായ ബ്രേക്കിംഗ്’ ആണ് നടന്നത്. കൃത്യം 1.45 – ബ്രേക്കിടൽ പ്രക്രിയ അൽപം ‘സ്മൂത്താ’കുന്നു. ഫൈൻ ബ്രേക്കിംഗ് പ്രക്രിയ തുടങ്ങുന്നു.

ആവേഗം പതുക്കെ കുറച്ച് ചന്ദ്രനിലേക്കിറങ്ങാൻ ശ്രമം. ആറ് കിലോമീറ്റർ… അഞ്ച് കിലോമീറ്റർ … നാല് കിലോമീറ്റർ…..രണ്ടു കിലോമീറ്റർ എന്നിങ്ങനെ ദൂരം കുറഞ്ഞുവരുന്നു.

ഇതിന് ശേഷമാണ് സിഗ്നലുകൾ നഷ്ടമായത് .തുടർന്ന് ഐഎസ്ആർഒയുടെ ട്വീറ്റ് പുറത്തുവരുന്നു. 2.1 കിലോമീറ്റർ ഉയരത്തിൽ വച്ച് ബന്ധം നഷ്ടമായെന്ന വിശദീകരണം.

എന്നാൽ ചാന്ദ്രയാന്‍-രണ്ടില്‍നിന്നുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു. ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി .

LEAVE A REPLY

Please enter your comment!
Please enter your name here