മുഖ്യമന്ത്രി പിണറായി വിജയന്‍റെ നെതര്‍ലണ്ട്സ് യാത്ര എന്തിനായിരുന്നു? കേരളത്തിന് ഇത് കൊണ്ട് എന്ത് പ്രയോജനം ലഭിച്ചു? പഠിച്ച വെള്ളപ്പൊക്ക സൂത്രവിദ്യകള്‍ കൊണ്ട് കൊച്ചു കേരളത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടായോ ? വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനായില്ലെങ്കില്‍ പിന്നെ നെതര്‍ലണ്ട്സ് യാത്ര കൊണ്ടെന്ത് നേട്ടം .സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിച്ച് മുഖ്യമന്ത്രി നടത്തിയത് വെറും ഉല്ലാസയാത്രയായിരുന്നു. വെള്ളപ്പൊക്ക ദുരിതത്തില്‍ പെട്ട് ജീവൻ മുറുകെ പിടിച്ച് പരക്കംപായുമ്പോൾ ജനങ്ങളുടെ മനസ്സിലുയരുന്ന ചോദ്യങ്ങളാണിവ.

പ്രളയങ്ങൾ ഏറെ അതിജീവിച്ച, വെള്ളത്തോടൊപ്പം ജീവിക്കാൻ പഠിച്ച ഒരു രാജ്യമാണ് നെതർലാൻഡ്‌സ്. വര്‍ഷം തോറും ഉണ്ടാവുന്ന വെള്ളപ്പൊക്കം അപാരമായ എഞ്ചിനീയറിങ് ബുദ്ധി കൊണ്ട് അതിജീവിച്ച ജനത കൂടിയാണ് ഡച്ച് സമൂഹം. അവര്‍ പരീക്ഷിച്ച് വിജയിച്ച ഒരു കിടിലന്‍ മോഡലുണ്ട്. നദിക്ക് വെള്ളപ്പൊക്ക സമയത്ത് ഒഴുകാനായി പാര്‍ക്കുകളും ഒഴിഞ്ഞ സ്ഥലങ്ങളും ഒക്കെ ഉപയോഗിച്ച് വീതി കൂട്ടുന്ന ടെക്നിക്.അതിനായി അവര്‍ വെള്ളപ്പൊക്ക സമയത്ത് നദിക്ക് ഒഴുകാനും അല്ലാത്ത സമയത്ത് പാര്‍ക്കിംഗിനും മറ്റുമായി ഉപയോഗിക്കുന്ന തരം ഏരിയകള്‍ ഓരോ നദിയുടെ സെെഡിലും നിര്‍മിച്ചിട്ടുണ്ട്. 2006 ൽ തുടങ്ങി 2015 ൽ ആണ് നെതര്‍ലണ്ട്സില്‍ ഈ പദ്ധതി പൂർത്തിയായത്. അത്രമാത്രം മനുഷ്യാധ്വാനവും എഞ്ചിനീയറിംഗ് വൈദഗ്ധ്യവും വേണ്ടി വരുന്ന ഒരു പദ്ധതിയായിരുന്നു അത്.

കേരളത്തിലെ പ്രളയകാലത്ത് അവിടെ നിന്നും വിദഗ്ധർ കേരളത്തിലെത്തിയിരുന്നു. പുനർനിർമ്മാണ പദ്ധതികൾ തയ്യാറാക്കുന്നതിലെ നെതർലാൻസിലെ വിദഗ്ദ്ധർ കേരളവുമായി സഹകരിച്ചിരുന്നു. നെതർലാൻഡ്സിലെ ഇന്ത്യൻ അംബാസഡറും എറണാകുളംകാരനായ ശ്രീ വേണു രാജാമണിയാണ് ഇതിന് മുന്‍കൈയ്യെടുത്തത്. പാരിസ്ഥിതികമായി രാജ്യത്തിന്‍റെ സുരക്ഷിത മേഖലയില്‍ പെട്ട സംസ്ഥാനമായിരുന്ന കേരളം പ്രകൃതി ക്ഷോഭങ്ങൾ വിട്ടുമാറാത്ത ഇടമായി മാറിക്കഴിഞ്ഞു.

ചാറ്റൽ മഴ, നൂൽമഴ, കാപ്പി മഴ തുടങ്ങി ഒരു ഡസനോളം തരം മഴയും അടർന്നു വീഴാത്ത കൊടുമുടികളും വിവിധ തരം കാറ്റും ചാകരയും കായലും പിണങ്ങാത്ത കടലും 12 മാസത്തെ മിത ശീലനായ സൂര്യനും എല്ലാം പുതിയ ഭാവത്തിലേക്കു മാറി.ആഗോള താപനത്തിന്‍റെ സ്വാധീനം ഈ വിഷയത്തിൽ നിശ്ചിത പങ്കാളിത്തം വഹിക്കുന്നുണ്ട്..ലോക പ്രശസ്തമാണ് നെതര്‍ലണ്ട്സുകാരുടെ പ്രളയം ഫലപ്രദമായി നേരിടുന്ന ആ സൂത്രവിദ്യ. ഇതൊക്കെ അറിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലണ്ട്സില്‍ സന്ദര്‍ശനം നടത്തിയത്.

മെയ് എട്ടിനാണ് കുടുംബവും പരിവാരവും ഒക്കെയായി മുഖ്യമന്ത്രി നെതര്‍ലണ്ട്സില്‍ എത്തിയത്. വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി. നൂര്‍വാര്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി മേഖലയിലായിരുന്നു സന്ദര്‍ശനം.വീടുകളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്ന പദ്ധതിയാണ് റൂം ഫോര്‍ റിവര്‍ പദ്ധതി.കുട്ടനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ട് കൂടിയായിരുന്നു പിണറായിയുടെ നെതര്‍ലണ്ട്സ് സന്ദര്‍ശനം. ഇതിന് പുറമെ ജലവിഭവ-ജലമാനേജ്മെന്‍റ് രംഗത്തെ പ്രമുഖരുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി. ഫലപ്രദമായ ജലമാനേജ്മെന്‍റിനുള്ള വിവിധ മാര്‍ഗങ്ങള്‍ വിദഗ്ദര്‍ കേരള സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.വ്യത്യസ്ത മേഖലയിലെ 20 വിദഗ്ദരുമായും ചര്‍ച്ച നടന്നു.

യാത്രക്കിടയിൽ തെളിനീരുകള്‍ ഒഴുകുന്ന ആംസ്റ്റർഡാമിലെ കനാലുകൾ മുഖ്യമന്ത്രി കണ്ടു. പക്ഷെ ഒരു കാലത്ത് ഇപ്പോൾ എറണാകുളത്തെ കനാലുകൾ പോലെ മലിനജലം ഒഴുകുന്ന ഓടകൾ ആയിരുന്നു അത് . പണ്ട് എങ്ങനെയായിരുന്നു ആ കനാൽ, ഇന്നത് എങ്ങനെയെല്ലാം മാറി, എത്തരത്തിലാണ് ആ മാറ്റങ്ങൾ സാധ്യമായത് എന്നെല്ലാം മുഖ്യമന്ത്രി ചോദിച്ചു മനസ്സിലാക്കി. പാരീസിലും ലണ്ടനിലുമുള്ള സമ്മേളനത്തിൽ ഇക്കാര്യം മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.

എറണാകുളത്തും ആലപ്പുഴയിലും ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഓടകളായി മാറിയിരിക്കുന്ന നമ്മുടെ കനാലുകൾ ഉൾപ്പെടെയുള്ള ജലപാതകളും സ്രോതസുകളും മനുഷ്യപ്രയത്നം കൊണ്ട് ആളുകൾക്ക് കുളിക്കാനും വേണമെങ്കിൽ കുടിക്കാനും പറ്റുന്ന രീതിയിൽ ആക്കിത്തീർക്കാൻ പറ്റുമെന്ന വിശ്വാസം നെതര്‍ലണ്ട് യാത്രയിലുടനീളം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. ഇതിനു വേണ്ട നയങ്ങൾ രൂപീകരിക്കാൻ ജനങ്ങളും പദ്ധതികൾ നടപ്പിലാക്കാൻ എൻജിനീയർമാരും ഒപ്പമുണ്ടാകുമോ എന്നതു മാത്രമായിരുന്നു വെല്ലുവിളി.

കുട്ടനാടിനും നെതര്‍ലണ്ട്സിനും നിരവധി സമാനതകളുണ്ട്. സെന്‍റ് ലൂസിയയില്‍ 1287 ലുണ്ടായ വെള്ളപ്പൊക്കം ഒരു ലക്ഷം പേരെ നെതർലണ്ടിൽ കൊലപ്പെടുത്തിയെങ്കിലും പ്രസ്തുത പ്രളയത്തിലൂടെയാണ് ആംസ്റ്റർഡാം നഗര ഭൂമി ഉയർന്നു വന്നത്. കുട്ടനാട് 1341 ലെ വെള്ളപ്പൊക്കത്തിന്‍റെ സൃഷ്ടിയായിരുന്നു. ഹോളണ്ട് 3 മുതൽ 23 അടി വരെ കടലിനടയിൽ സ്ഥിതി ചെയ്യുമ്പോൾ കുട്ടനാട് 7 മുതൽ 10 വരെയടി താഴ്ന്നു നിൽക്കുന്നു. നെതർലണ്ടിന്റെ രക്ഷക്കായി മൺകൂനകൾ സ്വാഭാവികവും മനുഷ്യ നിർമ്മിതവുമായവ പ്രവർത്തിക്കുമ്പോൾ കുട്ടനാടിന്‍റെ രക്ഷകൻ 4 കിലോമീറ്റര്‍ വിസ്തൃതിയുള്ള, ഒരു മീറ്റർ വരെ ഉയരമുള്ള, ആലപ്പുഴ എന്ന മൺതിട്ടയാണ്.

1600 ചതുരശ്ര.കിലോമീറ്റർ വിസ്തൃതിയുള്ള കുട്ടനാട് : പമ്പ , അച്ചൻകോവിൽ, മണിമല, മിനച്ചിലാർ തുടങ്ങിയ 4 നദികളുടെ വെള്ളം സ്വീകരിക്കുന്ന, ആവർത്തിച്ച് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇടമാണ്. 1954 ലെ വൈദ്യനാഥൻ കമ്മീഷൻ പമ്പയിലെയും അച്ചൻ കോവിലെയും വെള്ളം നേരെ കടലിൽ എത്തിക്കുവാനായി നിർദ്ദേശിച്ച തോട്ടപ്പള്ളി സ്പിൽ വേ ഭാഗികമായി പരാജയപ്പെട്ടു.ഉപ്പു വെള്ളക്കയറ്റത്തെ നിയന്ത്രിക്കുവാനായുള്ള തണ്ണീർമുക്കം ബണ്ട് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി.

കുട്ടനാടിന്റെ പ്രശ്നങ്ങൾ നെതർലണ്ട് സഹായത്തോടെ പഠിച്ചവതരിപ്പിച്ചതിൽ, കുട്ടനാട്ടിൽ 55,000 ഹെക്ടർ നെൽപ്പാടങ്ങളിൽ ഉപയോഗിക്കുന്ന 25,000 ടൺ വളം , 500 ടൺ കീടനാശിനിയും വരുത്തി വെക്കുന്ന അപകടത്തെ പറ്റി 1981ൽ വിവരിച്ചിരുന്നു.പത്തനംതിട്ട ,കോട്ടയം തുടങ്ങിയ ജില്ലകളിലെ തോട്ടങ്ങളിൽ പ്രയാേഗിക്കുന്ന വളം, കീടനാശിനികൾ എന്നിവ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കി. മത്സ്യങ്ങളിലും ഞണ്ട് ,കൊഞ്ച് എന്നിവയിലും അനുവദനീയമായ അളവിന്റെ 10 ഇരട്ടി വരെ കിടനാശിനി സാനിധ്യം ഉള്ളതായി തെളിഞ്ഞു .5 ലക്ഷം ആളുകളിൽ 40% വും അഴുക്കു വെള്ളത്തെ ആശ്രയിക്കുവാൻ 1980കളിൽ നിർബന്ധിതമായിരുന്നു.

30 വർഷം പഴക്കമുള്ള നെതർലണ്ട് KPCB റിപ്പോർട്ടിൽ ഒരു നടപടിയും സർക്കാർ കൈകൊണ്ടില്ല.1991ലെ മത്സ്യങ്ങൾ കൂട്ടത്തോടെ മരിച്ചു പൊങ്ങിയതും അതിനു ശേഷം താറാവുകൾക്കുണ്ടായ നാശവും കാൽ നൂറ്റാണ്ടിനു മുൻപുള്ള ആശങ്കകളെ ശരിവെക്കുന്നു. ഏറ്റവും അവസാനമായി എത്തിയ സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശങ്ങൾ അട്ടിമറിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ഒറ്റകെട്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം നെതർലണ്ട് പ്രകൃതി ദുരന്തത്തെ പ്രതിരോധിക്കുവാൻ എടുത്ത സമീപനങ്ങളും കുട്ടനാടിനെ സംരക്ഷിക്കുവാൻ കൈ കൊണ്ട തീരുമാനങ്ങളും പരിശോധിക്കേണ്ടത്.

സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ മുതൽ മത, സേവന സംഘങ്ങളും കമ്പനികളും വ്യക്തികളും വെച്ചു പുലർത്തുന്ന ഭൂവിനിയോഗം മുതൽ മരണാനന്തര ചടങ്ങുകൾ വരെ നിറഞ്ഞു നിൽക്കുന്നത് പ്രകൃതിയെ പരിഗണിക്കാതെയുള്ള മോഹ വ്യവഹാരങ്ങളാണ്.ഇത്തരം സമൂഹത്തിന്റെ പ്രതിനിധിയായ മുഖ്യമന്ത്രിയും സി പി എമ്മും ചരിത്രത്തിൽ ഒഴുക്കിനെതിരെ നീന്തിയവരായിരുന്നു. കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ അവഗണിക്കുവാനാണവർ ഇഷ്ടപ്പെടുന്നത്.ഇത്തരം ഒരു പശ്ചാത്തലത്തിൽ ആയിരുന്നു വെള്ളപ്പൊക്കത്തിന്റെ ആക്രമണത്തെ ശാസ്ത്രീയ മാർഗ്ഗങ്ങൾ കൊണ്ട് വൈകിപ്പിക്കുന്നതിൽ വിജയം നേടിയ നെതർലണ്ടിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര.

പ്രകൃതി ദുരന്തത്തെ പ്രതിരോധിക്കാനുള്ള പദ്ധതികളില്‍ പലതും വിജയകരമായി നടപ്പിലാക്കുവാൻ നെതർലണ്ട്സിനു കഴിഞ്ഞത് അവർ തീരദേശ സംരക്ഷണത്തിനും ജലാശയങ്ങൾക്കും ജീവജാലങ്ങളുടെ നിലനിൽപ്പിനും നൽകിയ പ്രത്യേക പരിഗണനകള്‍ കൊണ്ടാണ്. കേരളത്തിന്‍റെ തീരസംരക്ഷണ രംഗത്ത് സർക്കാർ നടത്തിവരുന്ന അട്ടിമറികൾ, കായൽ നികത്തൽ, നദികളുടെ തീരങ്ങൾ ഒഴിച്ചിടാനുള്ള വിമുഖത , മാലിന്യ വിമുക്തമായ ജലാശയവും കണ്ടൽ കാടുകൾ നിറഞ്ഞ തീര സങ്കല്പവും, ആലപ്പാട് തുടങ്ങിയ തീരങ്ങളിലെ ഖനനങ്ങൾ അവസാനിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വഴിപിഴച്ച നിലപാടുകൾ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ക്കും നെതര്‍ലണ്ട്സ് മാതൃകയോട് എങ്ങനെ നീതി പുലര്‍ത്താനാകും.

ദുരന്തം ഒഴിവാക്കുവാനായി കൈ കൊള്ളേണ്ട ഹൃസ്വ-ദീർഘകാല പദ്ധതികളില്‍ നെതർലണ്ടിന്റെ നിലപാടും കേരളത്തിന്റെ നിലപാടും താരതമ്യം ചെയ്യുവാൻ, കേരള മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.മുഖ്യമന്ത്രിയുടെ നെതര്‍ലണ്ട് യാത്ര കൊണ്ട് കേരളത്തിന് ഒരു കാര്യവും ഉണ്ടായില്ല. പിണറായി പഠിച്ചതൊന്നും കേരളത്തില്‍ നടപ്പാക്കിയില്ലെന്ന് മാത്രമല്ല അതിനായി ഒരു ശ്രമവും നടന്നില്ല.വീണ്ടും പ്രകൃതിദുരന്തം കേരളത്തെ പിടിച്ചുകുലുക്കിയപ്പോഴും നിസ്സഹായരായിരുന്നു പിണറായിയുടെ സര്‍ക്കാര്‍.കേരളത്തെ രക്ഷിക്കാനെന്ന വ്യാജേന കുടുംബസമേതം സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിച്ചുള്ള യാത്ര കൊണ്ട് കേരളത്തിനുണ്ടായ നേട്ടം വട്ടപ്പൂജ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here