അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു

0

ദില്ലി: മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി(66) അന്തരിച്ചു. ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഓഗസ്ത് 9നാണ് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത ജയ്റ്റ്ലിയാണ് ഭാര്യ. സോണാലി ജയ്റ്റ്ലി,രോഹന്‍ ജയ്റ്റ്ലി എന്നിവര്‍ മക്കളാണ്.

പ്രധാനമന്ത്രിക്കെതിരെയടക്കമുള്ള എതിര്‍ പാര്‍ട്ടിക്കാരുടെ സഭയിലെ ആക്രമണങ്ങളെ ശക്തമായ തര്‍ക്കങ്ങളിലൂടെ, അഭിഭാഷകന്‍റെ പ്രൊഫഷണല്‍ സാമര്‍ത്ഥ്യത്തിലൂടെ നേരിട്ടിരുന്നത് ജയ്റ്റ്‌ലിയായിരുന്നു. രാജ്യസഭയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അടക്കമുള്ളവരുടെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള യുക്തിസഹമായ പ്രസംഗങ്ങള്‍ക്ക് മറുപടി നല്‍കാന്‍, രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍, ഏറ്റവും കുറഞ്ഞത് തര്‍ക്കിക്കാനെങ്കിലും ഭരണപക്ഷ നിരയില്‍ ശേഷിയുള്ള അപൂര്‍വം നേതാക്കളിലൊരാള്‍ ജയ്റ്റ്‌ലിയായിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ആം ആംദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസ് കെജ്രിവാള്‍ അടക്കമുള്ളവര്‍ മാപ്പ് അപേക്ഷിച്ചതോടെ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

മൂന്നാം വാജ്‌പേയ് വാജ്‌പേയ് മന്ത്രിസഭയിലാണ് ജയ്റ്റ്ലി ആദ്യം കേന്ദ്ര മന്ത്രിയായിരുന്നത്. 1999 ഒക്ടോബര്‍ 13ന് അധികാരത്തില്‍ വന്ന വാജ്‌പേയ് മന്ത്രിസഭയില്‍ ആദ്യം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ സഹമന്ത്രിയായി ജയ്റ്റ്ലി. ഓഹരി വിറ്റഴിക്കല്‍, കമ്പനികാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല ജയ്റ്റ്ലിക്ക് കിട്ടി. 2000 ജൂലായ് മുതല്‍ 2002 ജൂലായ് വരെയും 2003 ജനുവരി മുതല്‍ 2004 മേയ് 21 വരെയും അരുണ്‍ ജയ്റ്റ്‌ലി നിയമ വകുപ്പ് കൈകാര്യം ചെയ്തു. ലോക വ്യാപാര സംഘടനയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ക്കായി രൂപീകരിച്ച വാജ്‌പേയ് സര്‍ക്കാരിലെ ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയം പുതിയ വകുപ്പായിരുന്നു. അരുണ്‍ ഷൂരിയായിരുന്നു ഓഹരി വിറ്റഴിക്കല്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രി. എന്നാല്‍ അരുണ്‍ ജയ്റ്റ്‌ലിയും ഇതില്‍ പ്രധാന പങ്ക് വഹിച്ചു.

2014 മേയില്‍ അധികാരത്തില്‍ വന്ന ആദ്യ മോദി സര്‍ക്കാരില്‍ ധന വകുപ്പാണ് മോദിക്ക് കിട്ടിയത്. ആദ്യം ധനത്തിനൊപ്പം പ്രതിരോധവും ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്നു.

ആര്‍എസ്‌എസിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ ബി വി പിയിലൂടെയാണ് അരുണ്‍ ജയ്റ്റ്‌ലി സംഘടനാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീടദ്ദേഹം ജനസംഘത്തിലൂടെ ബി ജെ പിയിലെത്തി. പല ബിജെപി നേതാക്കളേയും പോലെ സോഷ്യലിസ്റ്റുകളുമായി ബന്ധമുണ്ടായിരുന്ന നേതാവാണ്. 1970കളില്‍ എ ബി വി പി നേതാവായിരിക്കെ ജയപ്രകാശ് നാരായണിന്‍റെ നേതൃത്വത്തിലുള്ള ജെ പി മൂവ്‌മെന്റ് എന്ന ഇന്ദിരാവിരുദ്ധ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. 1973ല്‍ ജയപ്രകാശ് നാരായണിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച നാഷണല്‍ കമ്മിറ്റി ഫോര്‍ സ്റ്റുഡന്‍റ്സ് ആന്‍ഡ് യൂത്ത് ഓര്‍ഗനൈസേഷന്‍റെ കണ്‍വീനറായിരുന്നു. 1974ല്‍ ഡല്‍ഹി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റായി അരുണ്‍ ജയ്റ്റ്‌ലി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ കാലത്ത് 19 മാസക്കാലം ജയിലില്‍ കിടന്നു. 1977ല്‍ ലോക് താന്ത്രിക് യുവ മോര്‍ച്ച കണ്‍വീനര്‍ ആയിരുന് അരുണ്‍ ജയ്റ്റ്‌ലി എ ബി വി പി അഖിലേന്ത്യ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

1987 മുതല്‍ സുപ്രീം കോടതി അഭിഭാഷകനായിരുന്ന ജയ്റ്റ്ലി 1989ല്‍ അധികാരത്തില്‍ വന്ന, ബിജെപി പിന്തുണയുണ്ടായിരുന്ന വിപി സിംഗ് സര്‍ക്കാരിന്‍റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടതോടെ വലിയ പൊതുശ്രദ്ധ നേടി. 1991ല്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ അരുണ്‍ ജയ്റ്റ്‌ലി 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയുടെ ഏറ്റവും ശ്രദ്ധേയരായ ദേശീയ വക്താക്കളില്‍ ഒരാളായിരുന്നു.

ബോഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധി അടക്കമുള്ളവുടെ വിദേശ ഇടപാടുകാരുമായുള്ള ബന്ധം കണ്ടെത്താന്‍ യൂറോപ്പിലേയ്ക്ക് വിപി സിംഗ് സര്‍ക്കാര്‍ അയച്ച ജയ്റ്റ്‌ലിക്ക് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ജയ്റ്റ്‌ലി രാജീവ് ഗാന്ധിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കാര്യം ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയെ മോദി അഴിമതിക്കാരന്‍ എന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചിരുന്നു.

2009ല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം ലീഗല്‍ പ്രാക്ടീസ് ജയ്റ്റ്‌ലി നിര്‍ത്തി. പിന്നീട് ജയ്റ്റ്‌ലിയുടെ വാദങ്ങള്‍ കണ്ടത് പാര്‍ലമെന്റാണ്. 2014ല്‍ കോണ്‍ഗ്രസ് വിരുദ്ധ തരംഗമുണ്ടായ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്ന് ലോക് സഭയിലേയ്ക്ക് മത്സരിച്ച ജയ്റ്റ്‌ലി, കോണ്‍ഗ്രസിന്‍റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് പരാജയപ്പെട്ടു. എന്നാല്‍ രാജ്യസഭാംഗമായ ജയ്റ്റ്‌ലി മന്ത്രിയായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ശക്തിയുക്തം വാദിച്ച ബി ജെ പി നേതാവായിരുന്നു ജെയ്റ്റ്ലി. ദില്ലിയിലേക്ക് പ്രവര്‍ത്തനമണ്ഡലം മാറ്റിയ സമയത്ത് തന്നെ നരേന്ദ്രമോദിയുമായി അടുത്ത ബന്ധം ജയ്റ്റ്ലിക്കുണ്ടായിരുന്നു.

2018 ലും അരുണ്‍ ജയ്റ്റ്ലി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ ആശുപത്രിയിലും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയ്റ്റിലിയുടെ ആരോഗ്യനില മേയില്‍ നടത്തിയ കിഡ്‌നി ട്രാന്‍സ്പ്ലാന്‍റേഷനെ തുടര്‍ന്ന് മോശമായി.ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി അനാരോഗ്യത്തെ തുടർന്നു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയ്ക്കുകയും ചെയ്തിരുന്നു.
രണ്ടു വർഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു അരുണ്‍ ജയ്റ്റ്ലി.

LEAVE A REPLY

Please enter your comment!
Please enter your name here