Sunday, July 7, 2024
spot_img

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുമ്പോഴും കണക്കുകള്‍ പുറത്ത് വിടാതെ സര്‍ക്കാര്‍! അവസാന കണക്കുകള്‍ പ്രസിദ്ധീകരിച്ചത് ജൂണ്‍ 30 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം ഉയരുമ്പോഴും കണക്കുകള്‍ പുറത്ത് വിടാതെ സര്‍ക്കാര്‍. കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്തെ പകര്‍ച്ചവ്യാധി കണക്കുകള്‍ ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല. ഏറ്റവും ഒടുവിലായി ജൂണ്‍ 30നാണ് സംസ്ഥാനത്ത് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടവരുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. എല്ലാ ദിവസവും ഡിഎച്ച്എസ് വെബ്സൈറ്റില്‍ രോഗബാധയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍, മൂന്നു ദിവസമായി വെബ്സൈറ്റില്‍ അപ്ഡേഷനില്ല. വെബ്സൈറ്റിന് സാങ്കേതിക തകരാർ ഇല്ല. കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ ജൂണില്‍ എച്ച്1എന്‍1, ഡെങ്കി, എലിപ്പനി കേസുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ മാത്രമാണ് നിലവില്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. ജൂലൈ മാസത്തെ കണക്കുകള്‍ പുറത്തുവിടാൻ വൈകുന്നതിന്‍റെ കാരണവും അധികൃതര്‍ വിശദീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം നിയമസഭയിൽ അടക്കം വലിയ ചർച്ചയാകുമ്പോഴാണ് കണക്കുകളിലെ ഒളിച്ചുകളി. മെയ് മാസത്തെ അപേക്ഷിച്ച് നാലിരട്ടി H1N1 കേസുകളും, രണ്ടിരട്ടി ഡെങ്കി കേസുകളുമായിരുന്നു ജൂണിൽ റിപ്പോർട്ട് ചെയ്തത്. ജൂലൈയിൽ രോഗകണക്ക് കുത്തനെ ഉയരാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ തന്നെ വിലയിരുത്തൽ.

Related Articles

Latest Articles