ബിഗ് സ്‌ക്രീനിൽ വൺമാൻ ആർമിയായി യുദ്ധം നടത്തുന്ന തീപ്പൊരി താരങ്ങളാണ് സൂപ്പർ താരം ഹൃതിക് റോഷനും, ടൈഗർ ഷ്‌റോഫും. അതിനുള്ള കൈബലവും ആരോഗ്യവും രണ്ടാൾക്കുമുണ്ടുതാനും. അപ്പോൾപ്പിന്നെ രണ്ടുപേരും ചേർന്നാൽ യുദ്ധം ‘എജ്ജാതി’യാവുമെന്ന് പറയേണ്ടതില്ലല്ലോ. യഷ് രാജ് ഫിലിംസിൻ്റെ പുതിയ റിലീസ് ആയ വാർ പ്രേക്ഷകർക്ക് കാണിച്ചുതരുന്നതും അത്തരമൊരു തകർപ്പൻ യുദ്ധമാണ്.

ചെലവാകുന്ന പൈസക്ക് ഒട്ടും നഷ്ടമില്ലാത്ത 154 മിനിറ്റുകളെന്ന് വാർ സിനിമയെ ലളിതമായി വിശേഷിപ്പിക്കാം. ഇന്ത്യൻ സ്‌ക്രീനിൽ കുറച്ചു കാലമായി അന്യം നിന്നുപോയ പരിപൂർണ്ണമായ ഒരു ആക്ഷൻ സിനിമ. പല സിനിമകളിലും കേട്ടുപഴകിയ മിലിട്ടറി ഏജന്‍റ് ദേശ ദ്രോഹശക്തികളെ ഉന്മൂലനം ചെയ്യുന്ന കഥയാണ് വാർ. സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും നിർമാതാവായ ആദിത്യ ചോപ്രയും ചേർന്നാണ് സ്റ്റോറി ലൈൻ ഒരുക്കിയിരിക്കുന്നത്. സ്ക്രിപ്റ്റ് തയ്യാറാക്കാനാവട്ടെ സിദ്ധാർഥിൻ്റെ ഒപ്പം ശ്രീധർ രാഘവനും ചേർന്നു. സംഭാഷണങ്ങൾ അബ്ബാസ് ടയർവാല വക, ഒരു മാസ്സ് ആക്ഷൻ പദത്തിന് വേണ്ട എല്ലാം ഇവിടെ തന്നെ ഒത്തു.

മിലിട്ടറിയിലെ സൂപ്പർ ഏജന്‍റായ കബീറാണ് ഹൃതിക് റോഷന്‍, നോക്കിയിരുന്നുപോകും ലുക്കും നിൽപ്പും നോക്കും നടപ്പുമൊക്കെ. സ്‌ക്രീൻ പ്രസൻസ് അത്രയേറെയുണ്ട്. ശരീരപ്രദർശനവും ആക്ഷനും ഡാൻസുമെല്ലാം സിനിമയിൽ വേണ്ടുവോളം ഉണ്ട് . കബീറിൻ്റെ ടീമിലെ ജൂനിയറായ ഖാലിദ് റഹ്മാനാണ് ടൈഗർ ഷ്റോഫ്. ഹൃതിക് മറുഭാഗത്തുണ്ടെന്ന ഒറ്റക്കുഴപ്പമേയുള്ളൂ താരത്തിൻ്റെ പെർഫോമൻസിൽ. പക്ഷെ ആക്ഷനിലും ചാടുലതയിലും ടൈഗർ ഷ്റോഫാണ് ഒരുപടി മേലെ. എന്തായാലും രണ്ടുപേരുടെയും കോമ്പിനേഷൻ തകർത്തു.
.
lഇന്ത്യയിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്ന വാർ, സിറിയ, ഇറാക്ക്, മൊറോക്കോ, പോർച്ചുഗൽ, ആർട്ടിക് സോൺ, സിഡ്‌നി എന്നിങ്ങനെയുള്ള വിദേശ ലൊക്കേഷനുകളിലൂടെയാണ് മുന്നേറുന്നത്. ഇടയ്ക്ക് കേരളത്തിൻ്റെ കായലോരങ്ങളിലേക്കും ക്യാമറ എത്തുന്നു.. ഫ്രെയിമുകളെല്ലാം ദൃശ്യ ചാരുതയാർന്നതാണ്. പോർച്ചുഗലിൽ നടക്കുന്ന ഒരു ബൈക്ക് റേസ് പ്രേക്ഷകരെ ത്രസിപ്പിക്കും. ചെയ്‌സിന് ചെയ്‌സ്. ആക്ഷന് ആക്ഷൻ. സ്റ്റണ്ടിന്ന് സ്റ്റണ്ട്. പാട്ടിന് പാട്ട്. ഡാന്‍സിന് ഡാൻസ്. ഡ്രാമയ്ക്ക് ഡ്രാമ. ട്വിസ്റ്റിന് ട്വിസ്റ്റ്. അങ്ങനെ എല്ലാം തികഞ്ഞൊരു മസാല മിക്സ് കൊമേഴ്‌സ്യൽ സിനിമയാണ് വാർ .

ഹൃത്വിക്കിനും ടൈഗറിനും പുറമെ അശുതോഷ് രണയാണ് മറ്റൊരു പ്രധാന റോളിൽ ചിത്രത്തിൽ എത്തുന്നത് . നായികയായ വാണി കപൂറിന് സ്‌ക്രീൻ സ്‌പേസ് വളരെ കുറവാണ്. ഇതുപോലൊരു സിനിമയിൽ നായികയെ വച്ച് അധികം പ്രണയ സീനുകൾ കൊടുക്കാൻ നിൽക്കാത്തത് എന്തായാലും നന്നായി. എന്നാൽ ചില പ്രധാന ട്വിസ്റ്റുകളൊക്കെ ദഹിക്കാൻ ഇച്ചിരി പാടാണുതാനും. പക്ഷെ ഇതൊരു പോരായ്മയായി പറയാനാവില്ല. ഇത്തരം ബിഗ്ഗർ ദാൻ ലൈഫ് സിനിമകൾക്ക് അതൊക്കെ ഒരു അലങ്കരമാണല്ലോ.

200 കോടി മുതൽമുടക്കിൽ പ്രദര്‍ശനത്തിനെത്തിയ വാർ പ്രീ-റിലീസ് ഹൈപ്പിനോട് നീതി പുലർത്തുന്നുണ്ടെന്ന് തിയേറ്റർ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നു. 53 കോടിയാണ് ചിത്രത്തിൻ്റെ ആദ്യദിന കളക്ഷൻ. ബോളിവുഡിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷനാണിത്.എന്തായാലും പ്രേക്ഷകർക്ക് രണ്ടര മണിക്കൂർ മതിമറന്ന് ആസ്വദിക്കാൻ പറ്റിയ ഒരു മാസ്സ് ആക്ഷൻ സിനിമ തന്നെയാണ് വാർ.

LEAVE A REPLY

Please enter your comment!
Please enter your name here