Monday, July 1, 2024
spot_img

1901 ദിവസത്തെ തടവിന് അന്ത്യം ! അമേരിക്കയുടെ കണ്ണിലെ കരടായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി

ലണ്ടൻ: ചാരവൃത്തി ആരോപിക്കപ്പെട്ട് ലണ്ടനിലെ ജയിലിൽ കഴിയുകയായിരുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. ബ്രിട്ടൻ വിട്ട ജൂലിയൻ അസാൻജ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തങ്ങളുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി പരസ്യപ്പെടുത്തിയ അസാൻജിന്റെ മോചനത്തിന് ഒരു ജാമ്യക്കരാർ യു.എസ് മുന്നോട്ടുവയ്ക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയുമായിരുന്നു.

അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിനാണ് ജൂലിയൻ അസാൻജ് ജയിലിലാകുന്നത്. അഞ്ചു വർഷത്തോളമാണ് ജൂലിയൻ അസാൻജ് ബ്രിട്ടനിലെ ജയിലി‍ൽ കഴിഞ്ഞത്. 2010-ല്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ നടത്തിയ ചാരപ്രവര്‍ത്തനത്തിന്‍റെ വിശദാംശങ്ങളും അമേരിക്കയിലേക്ക് എംബസി ഉദ്യോഗസ്ഥര്‍ അയച്ചു കൊടുത്ത അവലോകന റിപ്പോര്‍ട്ടുകളും ചോര്‍ത്തിയതോടെയാണ് വിക്കീലീക്സ് ലോകത്തെ ശരിക്കും ഞെട്ടിച്ചത്. ഓസ്ട്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമായ ജൂലിയൻ പോൾ അസാൻജ് 2006-ലാണ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെയാണ് അസാന്‍ജും വിക്കീലീക്സും ആദ്യമായി ലോകശ്രദ്ധയിലെത്തുന്നത്. അമേരിക്ക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു.

ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് വിക്കിലീക്ക്സ് പുറത്തു വിട്ടത്. ഇന്ത്യയടക്കം ലോകത്തെ അനവധി രാജ്യങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്. സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതടമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.

Related Articles

Latest Articles