Saturday, July 6, 2024
spot_img

ദീപാവലിയ്ക്ക് പടക്കങ്ങൾ പൊട്ടിക്കുന്നത് ശരിയോ? ഹിന്ദു ധർമ്മത്തിൽ പറയുന്നത് ഇതാണ്…

ദീപാവലിയ്ക്ക് പടക്കങ്ങൾ പൊട്ടിക്കുന്നത് ശരിയോ? ഹിന്ദു ധർമ്മത്തിൽ പറയുന്നത് ഇതാണ്… | DEEPAVALI

ഇന്ന് ദീപാവലി (Diwali). കൈകളില്‍ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ് ദീപാവലി. ദീപങ്ങള്‍ കൂടാതെ മധുരം നല്‍കിയും ഇന്ത്യ ഒന്നാകെ ദീപാവലി ആഘോഷിക്കുന്നു. ദീപാവലി ഹിന്ദു ധർമത്തിലെ ഒരു പ്രധാന ഉത്സവമാണ്. ദീപാവലി എന്ന വാക്ക് ദീപ്+ആവലി എന്നീ രണ്ടു വാക്കുകൾ ചേർത്തുണ്ടായതാണ്. ആവലി എന്നാൽ ’പംക്തി’. ഇപ്രകാരം ദീപാവലി എന്ന വാക്കിന്റെ അർഥം ദീപങ്ങളുടെ പംക്തി എന്നാണ്. ദീപാവലി ദിവസം എല്ലായിടത്തും ദീപങ്ങൾ കത്തിക്കുന്നു. ഇതിനെ ’ദീപോത്സവം’ എന്നും പറയുന്നു. നരകചതുർദശി മുതൽ പ്രതിപദ വരെ മൂന്നു തിഥികളിലാണ് ദീപാവലി. അതുകൂടാതെ ഗോവത്സ ദ്വാദശിയും ധനത്രയോദശിയും ഇതിന്റെ കൂടെ വരുന്നു. ദീപാവലിയിൽ ഉൾപ്പെടുന്ന വിവിധ ദിവസങ്ങൾ ഇപ്രകാരമാണ് – ശകവർഷ അശ്വിന മാസം കറുത്ത പക്ഷ ത്രയോദശി ദിവസം ’ധനത്രയോദശി’യും, ചതുർദശി ദിവസം ’നരകചതുർദശി’യും ആഘോഷിക്കുന്നു. അമാവാസി ദിവസം ലക്ഷ്മീ പൂജ നടത്തുന്നു. കാർത്തിക മാസം വെളുത്ത പക്ഷ പ്രഥമ ദിവസം ’ബലിപ്രതിപദ’ ആയി ആഘോഷിക്കുന്നു. ദീപാവലിയുടെ ഒാരോ ദിവസവും തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തെ ഒാർമപ്പെടുത്തുന്നു.

പ്രഭു ശ്രീരാമചന്ദ്രൻ 14 വർഷങ്ങൾ വനവാസം കഴിഞ്ഞ് അയോധ്യയിൽ തിരിച്ച് എത്തിയ സമയത്ത് പ്രജകൾ ആനന്ദത്തിൽ ദീപോത്സവം നടത്തി. അന്നു മുതൽ തുടങ്ങിയതാണ് ദീപാവലി. നരകാസുരൻ എന്ന അസുരനെ വധിച്ച് ശ്രീകൃഷ്ണൻ ജനങ്ങളെ അത്യാചാരം, ലോഭം, ദുരാചാരങ്ങൾ എന്നിവയിൽനിന്നു മോചിപ്പിച്ചു. ദീപാവലി ദുർഗുണങ്ങൾക്കുമേൽ ദൈവിക ഗുണങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നു. യഥാർഥ ദീപാവലി എന്നാൽ ഭൌതീകമായ ആസക്തികളിൽനിന്നും മുക്തരായി നമ്മുടെ ആത്മജ്യോതിയെ തെളിയിക്കുക എന്നതാണ്.

ദീപാവലിക്കു മുന്പ് തന്നെ ജനങ്ങൾ അവരുടെ വീടുകളും കാര്യാലയങ്ങളും അതിന്റെ പരിസരവും വൃത്തിയാക്കുന്നു. വീട്ടിലെ കേടുപാടുകളുള്ള വസ്തുക്കൾ ഉപേക്ഷിച്ച് വീട് വൃത്തിയാക്കി അലങ്കരിക്കുന്നു. ഇങ്ങനെ ചെയ്യുന്പോൾ ആ വാസസ്ഥലത്തിന്റെ ആയുസ്സ് കൂടുന്നു. മാത്രമല്ല, വീട് ആകർഷകവുമാകുന്നു. വീട്ടിലെ എല്ലാ അംഗങ്ങളും പുതുവസ്ത്രങ്ങൾ ധരിക്കുന്നു. മധുര പലഹാരങ്ങൾ ഉണ്ടാക്കുന്നു. ’ദീപാവലിക്ക് ശ്രീലക്ഷ്മീ സത്യസന്ധരായവരുടെ ഗൃഹങ്ങളിൽ വരുന്നു’, എന്നാണ് ബ്രഹ്മപുരാണത്തിൽ പറയുന്നത്. വീടിനെ എല്ലാ തരത്തിലും ശുദ്ധവും സുശോഭിതവുമാക്കി ദീപാവലി ആഘോഷിക്കുന്നതിൽ ശ്രീലക്ഷ്മീ പ്രസന്നയാകുകയും അവിടെ സ്ഥായീ രൂപത്തിൽ വസിക്കുകയും ചെയ്യുന്നു’.

ആകാശദീപം വീട്ടിനു പുറത്ത് തൂക്കിയിടുന്നു. ദീപം തെളിയിക്കുന്നതു പോലെയാണ് ഇതും. അശ്വിന മാസം വെളുത്ത പക്ഷത്തിലെ ഏകാദശി മുതൽ കാർത്തിക മാസം വെളുത്ത പക്ഷത്തിലെ ഏകാദശി വരെ ഈ ആകാശദീപം തൂക്കി ഇടുന്നു. ദീപാവലിക്ക് ദിവസവും മൺചിരാത് കത്തിക്കുന്നു. വൈകുന്നേരം വീട്ടിലെ തുളസിത്തറയിലും പ്രവേശനമുഖത്തും മുറ്റത്തും വിവിധ സ്ഥലങ്ങളിലായി എണ്ണ വിളക്കുകൾ കത്തിക്കുന്നു. ദേവതകളേയും അതിഥികളെയും സ്വാഗതം ചെയുന്നതിന്റെ പ്രതീകമാണിത്. ഈയിടെയായി എണ്ണ വിളക്കിന്റെ സ്ഥാനത്ത് ചിലർ മെഴുകുതിരികൾ കത്തിക്കുന്നു എന്നാൽ മറ്റു ചിലയിടങ്ങളിൽ വിദ്യുദ്ദീപവും ഉപയോഗിക്കുന്നു.

പടക്കങ്ങൾ കാരണം ഉണ്ടാകുന്ന ശബ്ദ മലിനീകരണത്താൽ ശ്രവണ വൈകല്യം, തലവേദന, രക്തസമ്മർദം, ഹൃദ് രോഗങ്ങൾ, ശ്വാസവുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ വർധിക്കുന്നു. വൃദ്ധർ, രോഗികൾ, ശിശുക്കൾ എന്നിവരുടെ മാനസിക സന്തുലനം തന്നെ അവതാളത്തിലാകുന്നു. പടക്കങ്ങളിൽനിന്നും തീ പിടിച്ച് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നു. പരിസരത്ത് ചപ്പുചവറുകളും പൊടിയും വിഷവാതകങ്ങളുടെ അളവും വർധിക്കുന്നു. നമ്മുടെ രാജ്യം ഇത്രയും പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ വേളയിലും പടക്കങ്ങളിൽ വർഷംതോറും കോടിക്കണക്കിനു രൂപയുടെ ദുർവ്യയം ചെയ്തുകൊണ്ടിരിക്കുന്നു.

എവിടെയെല്ലാം ദേവതകളുടെ രൂപമുണ്ടോ അവിടെയെല്ലാം ദേവതകളുടെ അസ്തിത്വവും ഉണ്ട്. ദീപാവലി പോലെയുള്ള മറ്റ് ഉത്സവങ്ങളിലും ദേവതകളുടെ ചിത്രമുള്ള പടക്കങ്ങൾ പൊട്ടിച്ചു വരുന്നു. ഇതിനാൽ ദേവതയുടെ ചിത്രങ്ങൾ കഷ്ണം കഷ്ണമാകുന്നു. അതോടൊപ്പം ഈ ചിത്രങ്ങൾ എല്ലാവരുടെയും കാലിനടിയിൽ ചവിട്ടിയരയ്ക്കപ്പെടുന്നു. ഇപ്രക്കാരമുള്ള അനാദരവ് കാരണം ദേവതയ്ക്ക് അപമാനമുണ്ടാകുന്നതോടൊപ്പം തന്നെ അതിന്റെ പാപം കൂടി നമ്മുക്ക് ഉണ്ടാകുന്നു. ആനന്ദത്തിന്റെ നിമിഷങ്ങളിൽ പടക്കം പൊട്ടിക്കുന്ന രീതി വിദേശികളുടേതാണ്. ഹിന്ദു ശാസ്ത്രത്തിൽ പടക്കം പൊട്ടിക്കുന്ന രീതിയില്ല തന്നെ. ഇതുപോലെ രാഷ്ട്രപുരുഷന്മാരുടെ ചിത്രങ്ങളുള്ള പടക്കങ്ങൾ പൊട്ടിക്കുന്നതും അവരുടെ ത്യാഗത്തോടും ബലിദാനത്തോടും കാണിക്കുന്ന അനാദരവും നന്ദികേടുമാണ്. ആയതിനാൽ ദേവതകളുടെയും രാഷ്ട്രപുരുഷന്മാരുടെയും ചിത്രങ്ങളുള്ള പടക്കങ്ങൾ പൊട്ടിക്കാതിരിക്കുക.

ധാർമിക വിധികളുടെ സമയത്തും ഉത്സവ സമയത്തും ദേവതകൾ പ്രത്യക്ഷത്തിൽ ഭൂമിയിൽ ആഗമിക്കുന്നു. പടക്കങ്ങൾ പൊട്ടിക്കുന്നതിനാൽ അവരുടെ ആഗമനത്തിനു തടസ്സമുണ്ടാകുന്നു. ഇതിനു വിപരീതമായി ആസുരീക ശക്തികൾ ആകർഷിക്കപ്പെടുന്നു. ഇതിന്റെ ഫലം നമുക്ക് അനുഭവിക്കേണ്ടി വരുന്നു അതായത് നമ്മുടെ പ്രവർത്തി കൂടി ആസുരികം അതായത് തമോഗുണമുള്ളതായിത്തീരുന്നു. ഈയിടെയായി പടക്കങ്ങളുടെ പുറം ചട്ടയിൽ ദേവത, രാഷ്ട്രപുരുഷന്മാർ, എന്നിവരുടെ ചിത്രങ്ങൾ അച്ചടിക്കുന്നു, ഉദാ. ലക്ഷ്മീദേവിയുടെ ചിത്രങ്ങളുള്ള പടക്കങ്ങൾ, ശ്രീകൃഷ്ണന്റെ ചിത്രമുള്ള പൂക്കുറ്റി, മുതലായവ. ഇങ്ങനെയുള്ള പടക്കങ്ങൾ പൊട്ടിച്ച് ദേവതകളുടെ ചിത്രങ്ങൾ ചിന്തിച്ചിതറിപ്പിച്ച് നമ്മുടെ തന്നെ ഭക്തിഭാവത്തെ നാം ചവിട്ടിയരയ്ക്കുകയാണ്. ഇതിലൂടെ ആധ്യാത്മികമായ ഹാനി കൂടി ഉണ്ടാകുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ പടക്കങ്ങൾ പൊട്ടിക്കുവാൻ ഒരു ധർമശാസ്ത്രവും ഉപദേശിച്ചിട്ടില്ല. ഇതിനാൽ പടക്കങ്ങൾ പൊട്ടിക്കാതിരിക്കുക.

Related Articles

Latest Articles