കോവിഡിന്റെ പേരില്‍ അപമര്യാദ വേണ്ടെന്ന് പോലീസിനോട് കോടതി

Covid Kerala

0
E pass lockdown

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് കേരള ഹൈക്കോടതി. മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് എതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാം. അല്ലാതെ ശാരീരികമായി ഉപദ്രവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. മാസ്‌ക് ധരിച്ചില്ല എന്നാരോപിച്ച് എറണാകുളം മുനമ്പം പോലീസ് തന്നെ കസ്റ്റഡിയില്‍ എടുത്ത് ഉപദ്രവിച്ചു എന്ന് കാട്ടി കാര്‍ ഡ്രൈവറായ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസം പതിനാറിന് തന്നെ കസ്റ്റഡിയില്‍ എടുത്ത് മുനമ്പം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു എന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.