Saturday, July 6, 2024
spot_img

അതിമനോഹരമായ വിഷ്ണു പ്രതിമയില്‍ നിന്നാണ് ക്ഷേത്രത്തിന് ചെന്ന കേശവ ക്ഷേത്രം എന്ന പേരു ലഭിക്കുന്നത്

കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളും അവിടുത്തെ വാസ്തുവിദ്യകളും അന്വേഷിച്ചിറങ്ങിയാല്‍ അത്ര പെട്ടന്നു തിരികെ വരുവാന്‍ സാധിക്കില്ല. ഓരോ നോക്കിലും വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്ന ക്ഷേത്രങ്ങളും അവയുടെ നിര്‍മ്മാണ രഹസ്യങ്ങളും അറിയുവാന്‍ തന്നെ നാളുകളെടുക്കും. അമ്പരപ്പിക്കുന്ന രീതിയില്‍ കൊത്തുപണികളാല്‍ സമ്പന്നമായ ചെന്ന കേശവ ക്ഷേത്രം വിശ്വാസിയോ ചരിത്രകാരനോ അല്ലെങ്കില്‍ പോലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. കാലത്തെ അതിജീവിച്ച് ഇന്നലകളുടെ അപൂര്‍വ്വ സമ്പത്തുമായി തലയുയര്‍ത്തി നില്‍ക്കുന്ന ചെന്ന കേശവ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ നോക്കാം

കര്‍ണ്ണാടകയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മഹത്തരമായ നിര്‍മ്മിതികളില്‍ ഒന്നായാണ് ബേളൂരിലെ ചെന്നകേശവ ക്ഷേത്രത്തെ കണക്കാക്കുന്നത്. കര്‍ണ്ണാടകയിലെ അതിപുരാതന നിര്‍മ്മിതി എന്നു മാത്രമല്ല, ഹൊയ്സാല വാസ്തുവിദ്യയുടെ പകരം വയ്ക്കുവാനില്ലാത്ത പ്രത്യേകതകളും ഇതിനു കാണാം. ചെന്ന കേശവ ക്ഷേത്രം എന്ന പേരു കൂടാതെ ബേലൂരിലെ കേശവ, കേസവ, വിജയനാരായണ ക്ഷേത്രം, എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. യഗാച്ചി നദിയുടെ തീരത്ത് 12-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

ചെന്ന എന്നാല്‍ കന്നഡ ഭാഷയില്‍ സുന്ദരമായത്, അതിമനോഹരം, ഭംഗിയുള്ളത് എന്നാണ് അര്‍ത്ഥം. കന്നഡയില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്ന വാക്കാണിത്. ഭംഗിയുള്ളതിനെയും അതിമനോഹരമാതിനെയും ഒക്കെ ഈ വാക്കുകൊണ്ട് വിശേഷിപ്പിക്കാറുണ്ട്. ഇവിടുത്തെ അതിമനോഹരമായ വിഷ്ണു പ്രതിമയില്‍ നിന്നാണ് ക്ഷേത്രത്തിന് ചെന്ന കേശവ ക്ഷേത്രം എന്ന പേരു ലഭിക്കുന്നത്.

ഹൊയ്സാല ചക്രവർത്തിയായ വിഷ്ണുവർദ്ധൻ ആണ് 12-ാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. 1117ലുണ്ടായ തലക്കാട് യുദ്ധത്തിൽ ചോളന്മാരെ തോൽപ്പിച്ചതിന്‍റെ ആഹ്ലാദമായി നിര്‍മ്മിച്ച ഈ ക്ഷേത്രം ഹൊയ്സാലയുടെ ചരിത്രത്തില്‍ നിന്നും ഒരിക്കലും മാറ്റിവയ്ക്കുവാന്‍ സാധിക്കാത്ത ഒന്നാണ്.
ജീവിതത്തില്‍ ഒരിക്കലും വിവാഹമേ കഴിക്കില്ല എന്നു പറഞ്ഞ രാജാവായിരുന്നു വിഷ്ണുവര്‍ദ്ധന്‍.
താൻ യുദ്ധത്തിൽ മരിച്ചു പോയാൽ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയായി കഴിയേണ്ടി വരുമെന്നായിരുന്നു അദ്ദേഹ്തിന്റെ ന്യായം. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മ അതിനെതിരായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ അമ്മ അതീവ സുന്ദരിയും നർത്തകിയുമായ ശന്തളാദേവിയെ കണ്ടു ഇഷ്ടപ്പെട്ട് , വിഷ്ണുവര്‍ദ്ധന് വധുവായി നിശ്ചയിച്ചു. അതിന്‍റെ ഭാഗമായി ശന്തളാദേവി കൊട്ടാരത്തിൽ നൃത്തം ചെയ്യാനുള്ള അവസരം കൊടുത്തു. നൃത്തം കണ്ടു മോഹിച്ച വിഷ്ണു വർദ്ധൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണു കഥകള്‍ പറയുന്നത്.

 

 

 

 

Related Articles

Latest Articles