Wednesday, July 3, 2024
spot_img

നീറ്റ് പരീക്ഷ ക്രമക്കേട് ;പാറ്റ്നയിൽ 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ

നീറ്റ് – യുജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാറ്റ്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കേസിൽ സിബിഐ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്.

അറസ്റ്റിലായ മനീഷ് കുമാറാണ് വിദ്യാര്‍ഥികളെ കാറില്‍ ഒരു ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് ചോര്‍ത്തിയ ചോദ്യപേപ്പറുകള്‍ നല്‍കിയത് എന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ അഷുതോഷിന്റെ വീട്ടിലാണ് വിദ്യാർത്ഥികളെ താമസിപ്പിച്ചതെന്നാണ് വിവരം. സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഇക്കഴിഞ്ഞ 23 നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.ബീഹാർ പൊലീസായിരുന്നു നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്തിയിരുന്നത്. അതേസമയം നെറ്റ് പരീക്ഷയിലുണ്ടായ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുകയാണ്. നീറ്റ് യുജി പരീക്ഷാ ക്രമക്കേടിലെ മുഖ്യകണ്ണിയെന്ന് കരുതുന്ന സഞ്ജീവ് മൂഖിയ ഒളിവിൽ തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിൻ്റ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് പറയുന്നത്.

ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബീഹാർ പൊലീസ് തെളിവായി ശേഖരിച്ച കത്തിച്ച ചോദ്യപേപ്പറിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

Related Articles

Latest Articles