കേരളം ഉൾപ്പെടെയുള്ള സംസ്ഥാനത്ത് മരുന്നുകൾക്ക് ക്ഷാമം വന്നേക്കാം

0

ദില്ലി : രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. അവശ്യ ചരക്ക് വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും ട്രക്ക് ഡ്രൈവര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ലോക്ക് ഡൗണും കര്‍ഫ്യൂവും പ്രഖ്യാപിച്ചതുമൂലം പല സംസ്ഥാനങ്ങളിലും മരുന്ന് വിതരണ ശൃംഖല താറുമാറായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാക്കേജിംഗ് മെറ്റീരിയല്‍, പ്രിന്ററുകള്‍ മുതലായ അനുബന്ധ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതിനാല്‍ ഉത്പാദനം നിര്‍ത്താന്‍ നിര്‍ബന്ധിതരായെന്ന് ഫാര്‍മ യൂണിറ്റ് ഉടമകള്‍ പറയുന്നു ഫാക്ടറി തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും, പൊലീസ് നടപടിയെ ഭയന്ന് ഇവര്‍ ജോലിക്ക് വരാന്‍ മടിക്കുന്നെന്നും ചണ്ഡിഗഡ് ആസ്ഥാനമായുള്ള വ്യവസായി വിബോര്‍ ജെയിന്‍ പറയുന്നു. ചണ്ഡിഗ, മൊഹാലി, പഞ്ചകുള എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറികളില്‍ പഞ്ചാബ്, ചണ്ഡിഗഢ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുണ്ട്. പൊതുഗതാഗതമില്ല, മാത്രമല്ല പൊലീസ് നടപടിയെ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ജോലിക്ക് വരാന്‍ അവര്‍ തയ്യാറാകുന്നില്ല’- ഇന്ത്യന്‍ ഫാര്‍മയിലെ വിഭോര്‍ ജെയിന്‍ പറയുന്നു. ഫാര്‍മ അവശ്യ വസ്‌തുക്കളുടെ കീഴിലാണെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്ന് വളരെ വ്യക്തമാണ്. പക്ഷേ മറ്റ് മേഖലകളിലെ വിലക്ക് ഒരു പ്രശ്‌നമായി മാറി. ആദ്യത്തെ പ്രശ്നം പാക്കേജിംഗ് വസ്‌തുക്കള്‍ വിതരണം ചെയ്യുന്ന അനുബന്ധ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്’- സെന്‍ ലബോറട്ടറീസ് സി.ഇ.ഒ സഞ്ജയ് ധീര്‍ പറയുന്നു. കേരളം,മുംബൈ, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍മാര്‍ ഭയപ്പെടുന്നു. റോഡരികിലെ ഭക്ഷണശാലകള്‍ അടച്ചിട്ടിരിക്കുകയാണെന്നും, ഭക്ഷണം കിട്ടില്ലെന്നും അവര്‍ പറയുന്നു. ഇത് ഒരു വലിയ തടസമായി മാറിയിരിക്കുന്നു. ചില യൂണിറ്റുകളുടെ ക്ഷാമവും, ചരക്കുകള്‍ കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകാന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ തയ്യാറാകാത്തതും രാജ്യത്ത് മരുന്നുകളുടെ കുറവ് ഉണ്ടാകാന്‍ കാരണമാകുമെന്ന് അദ്ദേഹം പറയുന്നു. രാജ്യം ഉടന്‍ തന്നെ മരുന്നുകളുടെ കുറവ് നേരിടേണ്ടി വരുമെന്നതിനാല്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ സഹായിക്കണമെന്നും സഞ്ജയ് ധീര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here