തിരുവനന്തപുരം: പ്രവാസി ചിട്ടിയോട് വിദേശമലയാളികള്‍ക്ക് പ്രിയം പോരെന്ന് കണക്കുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രം പേരാണ് ചിട്ടിയില്‍ അംഗങ്ങളായത്. ലക്ഷങ്ങള്‍ ചെലവഴിച്ച് യൂറോപ്പില്‍ പ്രചാരണം നടത്തിയിട്ടും നൂറുപേര്‍ പോലും പ്രവാസി ചിട്ടിയില്‍ ചേര്‍ന്നില്ല.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വിദേശമലയാളികളുടെ സഹായം വിനിയോഗിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസി ചിട്ടി തുടങ്ങിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ നിര്‍മ്മാണത്തിന് കിഫ്ബി ഫണ്ടിലേക്ക് പ്രവാസി ചിട്ടി പ്രധാന സ്രോതസാകുമെന്നായിരുന്നു പ്രഖ്യാപനം.

നവംബറില്‍ പദ്ധതി തുടങ്ങുമ്പോള്‍ യുഎഇയിലെ മലയാളികളെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പ്രവാസി ചിട്ടി പദ്ധതി വ്യാപിപ്പിച്ചു. ആദ്യത്തെ വര്‍ഷം ഒരു ലക്ഷം പേരെങ്കിലും ചേരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതുവരെ പ്രവാസിചിട്ടിയില്‍ ചേര്‍ന്നത് 8,577 പേര്‍ മാത്രമാണ്. 54.17 കോടി രൂപയാണ് ഇതുവരെ ചിട്ടിയിലേക്ക് നിക്ഷേപമായി കിട്ടിയത്.

പ്രവാസി ചിട്ടിയുടെ പ്രചാരണത്തിനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ പോയതിന് പത്ത് ലക്ഷത്തോളം രൂപ ചെലവായിരുന്നു. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആകെ ഇതുവരെ ചേര്‍ന്നത് 80 പേര്‍ മാത്രമാണ്. ഇതില്‍ 44 പേര്‍ യുകെയില്‍ നിന്നാണ്. ഒമാനില്‍ ചിട്ടിയുടെ പ്രചാരണത്തിന് 15 ലക്ഷം ചെലവഴിച്ചപ്പോള്‍ ചേര്‍ന്നത് 352 പേര്‍ മാത്രം. ചിട്ടിയെന്നാല്‍ ഒറ്റ മാസത്തേക്കുള്ള നിക്ഷേപമല്ല, മറിച്ച് നിശ്ചിത കാലാവധിയിലേക്കു നീളുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഓരോ മാസവും വിറ്റുവരവ് വര്‍ധിച്ചുകൊണ്ടിരിക്കുമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here