മുംബൈ: നോട്ടുനിരോധന സമയത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം വീണ്ടും ശേഖരിക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്‌വഴി ധനമന്ത്രാലയമാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പതിനേഴിന പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.

2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്ക് സൂക്ഷ്മമായി വിശകലനംചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. നോട്ടുനിരോധനകാലയളവിലെ നിക്ഷേപത്തിൽ അസ്വാഭാവികമായെന്തെങ്കിലും ആദായനികുതിയുദ്യോഗസ്ഥർ കണ്ടെത്തിയിരുന്നോ എന്നു രേഖപ്പെടുത്തണം. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ നിക്ഷേപിച്ച തുക മൊത്തം വരുമാനത്തിന്റെ എത്ര ശതമാനംവരുമെന്നും അന്നത്തെ നിക്ഷേപം ഏതുതരത്തിലുള്ളതായിരുന്നെന്നും പണത്തിന്റെ സ്രോതസ്സിനെപ്പറ്റി ഇടപാടുകാരൻ നൽകിയ വിശദീകരണം എന്തായിരുന്നെന്നും പരിശോധിക്കണം. ആദായനികുതി വകുപ്പിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ദില്ലിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും.

നോട്ടുനിരോധനകാലത്തും അതിനുമുമ്പുമുള്ള നിക്ഷേപങ്ങൾ താരതമ്യംചെയ്യാൻ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. 2015-16, 2016-17 സാമ്പത്തികവർഷങ്ങളിൽ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ കണക്ക് രേഖപ്പെടുത്തണം. തൊട്ടു മുൻവർഷത്തെ മൊത്തം നിക്ഷേപത്തിൽനിന്ന് അത് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നെന്നും പരിശോധിക്കണം. ഈ വിവരങ്ങൾ വിശകലനം ചെയ്താൽ, രാജ്യത്തുണ്ടായിരുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here