ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ദില്ലി: പേരൻപിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നൽകിയില്ലെന്ന് ആരോപിച്ച് ജൂറി ചെയർമാൻ രാഹുൽ റവൈലിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ആരാധകരുടെ അസഭ്യവർഷം. ഇക്കാര്യം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ തന്‍റെ അറിവോടെയല്ല ഇവ നടക്കുന്നതെന്നും സംഭവത്തിൽ ഖേദമുണ്ടെന്നും താരം പ്രതികരിച്ചതായി ജൂറി ചെയർമാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

വെള്ളിയാഴ്ചയാണ് അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം പേരൻപിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിക്കുമെന്ന രീതിയിൽ വാർത്തകൾ സജീവമായിരുന്നു. എന്നാൽ, പ്രതീക്ഷകൾക്കു വിപരീതമായി പേരൻപിന് ഒരു പരാമർശം പോലും ലഭിച്ചില്ല. പ്രഖ്യാപനവേദിയിൽ തന്നെ ഇക്കാര്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചിരുന്നു. അതിന് ഒഴുക്കൻ മട്ടിലുള്ള പ്രതികരണമാണ് ജൂറി നൽകിയത്. എന്നാൽ, ജൂറിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം തുടർന്നു. ജൂറി ചെയർമാൻ രാഹുൽ റവൈലിന്‍റെ ഔദ്യോഗിക പേജ് അസഭ്യവർഷത്താൽ നിറഞ്ഞു. ഒടുവിൽ ഇക്കാര്യം രാഹുൽ റവൈൽ മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ജൂറിയുടെ തീരുമാനം അന്തിമമാണെന്നും അതു ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു രാഹുൽ റവൈലിന്‍റെ സന്ദേശം. കൂടാതെ പേരൻപ് പ്രാദേശിക പാനൽ തള്ളിയ ചിത്രമാണെന്നും അതുകൊണ്ടുതന്നെ ചിത്രം സെൻട്രൽ പാനലിനു മുൻപിൽ എത്തിയില്ലെന്നും രാഹുൽ റവൈൽ ചൂണ്ടിക്കാട്ടി. ഇതിന്‍റെ പേരിൽ ആരാധകരും ഫാൻസ് അസോസിയേഷനും സമൂഹമാധ്യമങ്ങളിൽ നടത്തുന്ന അസഭ്യവർഷം അസഹനീയമാണെന്നും രാഹുൽ റവൈൽ അഭിപ്രായപ്പെട്ടു. ഇതിനു ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി പ്രതികരിച്ചത്. “ക്ഷമിക്കണം സർ. എനിക്ക് ഇക്കാര്യങ്ങൾ അറിയില്ല. എങ്കിലും, ഇങ്ങനെ സംഭവിച്ചു പോയതിൽ ഖേദിക്കുന്നു,” മറുപടി സന്ദേശത്തിൽ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിക്ക് അയച്ച സന്ദേശവും താരത്തിന്‍റെ മറുപടിയും രാഹുൽ റവൈൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. എന്നാൽ, അവയ്ക്കു കീഴിലും വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള കമന്‍റുകൾ സജീവമാണ്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here