Wednesday, July 3, 2024
spot_img

പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പ്: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: സമ്മര്‍ദ്ദ ശക്തികളുടെ ഇടപെടലാണ് പിണറായിയുടെ തീരുമാനങ്ങള്‍ക്കാധാരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വര്‍ഗീയ ശക്തികളുടെ താല്‍പര്യം മുന്‍നിര്‍ത്തി വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സംഘടിത ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഏതു തീരുമാനവും പിണറായി മാറ്റി മറിക്കുകയാണെന്നും അതാണ് വഖഫ് വിഷയത്തില്‍ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധനവില വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ശബരിമല വിഷയത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ വഖഫ് വിഷയത്തില്‍ ഒരു രാത്രി കൊണ്ട് നിലപാട് മാറ്റിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരിയില്‍ ബിജെപിക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ കൊച്ചുകുട്ടികളുടെ മേല്‍ ഭീകരവാദികള്‍ ബാബറി ബാഡ്ജ് കുത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാന്‍ മോഡലാണ് എല്‍ഡിഎഫ് സര്‍ക്കാരിന് സ്വീകാര്യം. ശബരിമലയില്‍ ഹിന്ദുവിനെതിരെ നിലകൊണ്ടപ്പോള്‍ വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗ് അടക്കമുള്ള വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണ്. എല്ലാ തീരുമാനങ്ങളിലും ജനങ്ങളെ വിവേചനത്തിലൂടെ കാണുന്ന പിണറായി സര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. തീരുമാനങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാതെ തൊലിക്കട്ടിയുടെ കാര്യത്തില്‍ പിണറായി വിജയന്‍ കണ്ടാമൃഗത്തെ തോല്‍പ്പിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ തീരുമാനം പിന്‍തുടര്‍ന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍ നികുതി കുറച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കറന്റ് ചാര്‍ജും ബസ് ചാര്‍ജും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അധിക ഭാരം കെട്ടിവച്ച് ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് ഒരു ഗുണവും ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles