Wednesday, July 3, 2024
spot_img

വ്യാപാര വ്യവസായ മേഖലയിൽ മാറ്റത്തിന്റെ ശംഖനാദമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനത്തിന് ജൂൺ 16 ന് അനന്തപുരിയിൽ തിരിതെളിയും; സമാപന സമ്മേളനത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ; തത്സമയം സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ

ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ (BVVS) സംസ്ഥാന സമ്മേളനം ജൂൺ 16 ന് തിരുവനന്തപുരത്ത് നടക്കുന്നു. വൈകുന്നേരം 4 മണി മുതൽ തിരുവനന്തപുരത്തെ കോട്ടയ്ക്കകം പ്രിയദർശിനി ഹാളിലാണ് സംസ്ഥാന സമ്മേളനം നടക്കുക. വ്യാപാര വ്യവസായ മേഖലയിൽ ചരിത്രം കുറിക്കുന്ന ഈ മഹാസമ്മേളനത്തിൽ സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ കാര്യകാരി സദസ്യൻ രാംമാധവ്, ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി എന്നിവരുടെ മഹനീയ സാന്നിധ്യമുണ്ടാകും. സംസ്ഥാന സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

വൈദേശികാധിപത്യത്തിൽ നിന്ന് മോചനം നേടുമ്പോൾ ലോകത്തെ ദരിദ്രരാഷ്ട്രങ്ങളിലൊന്നായിരുന്ന ഭാരതം, സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്‌ദിയാകുമ്പോൾ ഒരു വികസിത രാഷ്ട്രമാകുകയെന്ന ലക്ഷ്യവുമായി അതിവേഗം വളർന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാലര ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയുമായി ഭാരതം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ ഏഴു ശതമാനം ശരാശരി വളർച്ചാനിരക്കുള്ള നമ്മുടെ രാജ്യത്തിൻ്റെ മുന്നേറ്റത്തിനു ഗണ്യമായ പങ്കു വഹിക്കുന്ന ഒരു വിഭാഗമാണ് വ്യാപാരികളും വ്യവസായികളും. ഈ വിഭാഗത്തെ ദേശീയതയുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു രാഷ്ട്രപുരോഗതിക്കു വേണ്ടി അണിനിരത്തുവാനുദ്ദേശിച്ചുകൊണ്ട് സ്ഥാപിതമായ പ്രസ്ഥാനമാണ് ഭാരതീയ വ്യാപാരി വ്യവസായി സംഘം (BVVS).

കേരളത്തിലെ വ്യാപാര വ്യവസായ മേഖലയിൽ ധർമ്മത്തിൻറെയും ന്യായത്തിന്റെയും കാഹളമൂതിക്കൊണ്ട് 2020 ഫെബ്രുവരിയിൽ രൂപീകൃതമായ BVVS ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ വ്യാപാരികളോടൊപ്പം തോളോടുതോൾ ചേർന്ന് നിന്നുകൊണ്ട് അവരുടെ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുവാനും, അർഹരായവർക്ക് ഉദാരമായ സഹായങ്ങൾ ഒരുക്കുവാനും, കോവിഡ് മഹാമാരിയെത്തുടർന്നു ആത്മഹത്യ ചെയ്‌ത ഹതഭാഗ്യരായ വ്യാപാരികളുടെ കുടുംബങ്ങൾക്ക് അർഹമായ സഹായത്തിനു വേണ്ടിയുള്ള ശബ്ദം അധികൃതരിൽ എത്തിക്കുവാനും കേരള ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, MSME മേഖലയുടെ ആവശ്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുവാനുള്ള ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. വ്യാപാര വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളുടെ കുടുംബത്തിൻ്റെ സുരക്ഷക്കായി മരണാനന്തര സഹായമായി 15 ലക്ഷം രൂപ വരെ നൽകുകയും, ചികിത്സാ സഹായം ഉറപ്പാക്കുകയും ചെയ്യുന്ന ‘കുടുംബ മിത്ര’ പദ്ധതിയും BVVS ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിവരുന്നു.

തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
https://bit.ly/3ZsU9qm

Related Articles

Latest Articles