Wednesday, July 3, 2024
spot_img

കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് അം​ഗീകാരം ! എഫ്എടിഎഫ് പട്ടികയിൽ പ്രത്യേകസ്ഥാനം നേടി ഭാരതം

ദില്ലി : കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ തുടർച്ചയായി നടപടിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഭാരതം. രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനത്തിലാണ് ഭാരതം ഈ സുപ്രധാന നേട്ടം കൈവരിച്ചത്. റെഗുലർ ഫോളോ അപ്പ് വിഭാഗത്തിലാണ് ഭാരതത്തെ ഉൾപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ (എംഎൽ), തീവ്രവാദ ധനസഹായം (ടിഎഫ്) എന്നിവയ്‌ക്കെതിരെ പോരാടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്.

എഫ്എടിഎഫിന്റെ മാനദണ്ഡങ്ങൾ ഭാരതം നിയമപരമായി പാലിക്കുന്നുണ്ടെന്നും സിംഗപ്പൂരിൽ നടന്ന പ്ലീനറി മീറ്റിംഗിൽ സാമ്പത്തിക നിരീക്ഷണ സമിതി വ്യക്തമാക്കി. ഭാരതത്തിന്റെ നടപടികളുടെ ഓൺസൈറ്റ് വിലയിരുത്തലിനായി ഒരു എഫ്എടിഎഫ് സംഘം ദില്ലി സന്ദർശിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സാമ്പത്തിക രം​ഗത്ത് നിരവധി മാറ്റങ്ങളാണ് ഉണ്ടായത്. സാമ്പത്തിക ഇടപാടുകളേറെയും ഡിജിറ്റലായി മാറിയതോടെ കള്ളപ്പണത്തിന്റെ കൈമാറ്റം തടയാൻ സാധിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കിയ ജൻധൻ പദ്ധതി, ആധാർ, യുപിഐ എന്നിവ ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ സഹായകരമായെന്ന് എഫ്എടിഎഫ് വിലയിരുത്തി. കള്ളപ്പണം, ഭീകരവാദ ധനസഹായം എന്നിവയ്‌ക്കെതിരെ രാജ്യം നടത്തുന്ന നിർണ്ണായ നീക്കങ്ങൾ എഫ്എടിഎഫിനെ അറിയിക്കാൻ ഒരു ഇന്ത്യൻ പ്രതിനിധി സംഘം ഏപ്രിലിൽ സിംഗപ്പൂർ സന്ദർശിച്ചിരുന്നു.

എന്തായാലും, എഫ്എടിഎഫിന്റെ പ്രത്യേക പട്ടികയിൽ ഭാരതം ഇടം നേടിയത് വളരുന്ന സമ്പദ്‌ വ്യവസ്ഥയ്‌ക്ക് ശക്തി പകരും. ഇത്തരം അന്താരാഷ്‌ട്ര റേറ്റിംഗുകൾ ആഗോള സാമ്പത്തിക വിപണികളിൽ രാജ്യത്തിന്റെ നിലഭദ്രമാക്കാനും വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. കൂടാതെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ആഗോള വിപുലീകരണത്തിനും ഇത് സഹായകരമായും.

Related Articles

Latest Articles