Wednesday, July 3, 2024
spot_img

അമർനാഥ് തീർത്ഥാടനത്തിന് ഇന്ന് തുടക്കമായി; ആദ്യസംഘം ജമ്മു ബേസ്‌ ക്യാമ്പില്‍ നിന്ന് പുറപ്പെട്ടു

ശ്രീനഗര്‍: ഇക്കൊല്ലത്തെ അമർനാഥ് തീർത്ഥാടനത്തിന് ഇന്ന് തുടക്കമായി. ബംബം ഭോലെ, ഹര്‍ ഹര്‍ മഹാദേവ് മന്ത്രധ്വനികളുമായി അമര്‍നാഥ് തീര്‍ത്ഥാടക സംഘം ജമ്മുവില്‍ നിന്ന് യാത്ര ആരംഭിച്ചു. ജമ്മു ഭഗവതി നഗറിലെ യാത്രിനിവാസ് ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ തീര്‍ത്ഥാടകസംഘത്തിന്റെ യാത്ര ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്ലാഗ് ഓഫ് ചെയ്തു. ബാല്‍ട്ടലിലെയും പഹല്‍ഗാമിലെയും ബേസ് ക്യാമ്പുകളിലെത്തിയ തീര്‍ത്ഥാടക വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചെ 3,880 മീറ്റര്‍ ഉയരമുള്ള അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെട്ടു.

ദക്ഷിണ കശ്മീരിലെ കുല്‍ഗാം ഖാസിഗുണ്ട് പ്രദേശത്തെ നവയുഗ് തുരങ്കത്തില്‍ 4,603 തീര്‍ത്ഥാടകരെ ജനങ്ങള്‍ ഹര്‍ ഹര്‍ മഹാദേവ വിളികളോടെ സ്വീകരിച്ചു. 52 ദിവസത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നൽകുന്നത് അമര്‍നാഥ് ക്ഷേത്ര ബോര്‍ഡാണ്. തെക്കന്‍ കശ്മീരിലെ ലിഡ്ഡര്‍ താഴ്‌വരയിലെ ഇടുങ്ങിയ പ്രദേശത്താണ് ഗുഹാ ക്ഷേത്രം. പഹല്‍ഗാമില്‍ നിന്ന് 46 കിലോമീറ്ററും ബല്‍ത്താളില്‍ നിന്ന് 14 കിലോമീറ്ററും അകലെ ഹിമാലയത്തില്‍ 3888 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. രക്ഷാബന്ധന്‍ ദിനമായ ആഗസ്ത് 19നാണ് തീര്‍ത്ഥാടനം സമാപിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സുരക്ഷിത യാത്ര ആശംസിച്ചു. ബാബ അമര്‍നാഥ്ജിയുടെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Related Articles

Latest Articles