ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

വിളപ്പില്‍: ജൈവവൈവിധ്യങ്ങളുടെ കലവറ എന്നതിലുപരി പെണ്‍പരമ്പര കാക്കുന്നുവെന്ന അപൂര്‍വതയുമുണ്ട് അക്കരവിളാകം കാവിന്. രാജഭരണ കാലത്ത് കരം ഒഴിവാക്കി കൊടുത്ത 28.5 സെന്റിലാണ് നിബിഡ വനത്തിന്റെ പ്രതീതി സമ്മാനിച്ച് കാവ് നിലനില്‍ക്കുന്നത്. അക്കരവിളാകം കാവ് വിശ്വാസവും ഭക്തിയും ഇഴപിരിയാതെ ശേഷിക്കുന്ന ചുരുക്കം ചില കാവുകളിലൊന്നാണ്. തലമുറകള്‍ക്കായി കാക്കാന്‍ സ്ത്രീകളെ കാരണവര്‍ സ്ഥാനത്തേറ്റുന്നതാണ് ഇവിടുത്തെ പൈതൃകം.

നൂറ്റാണ്ടുകളുടെ പെണ്‍ചരിതം അവകാശപ്പെടുന്ന വെള്ളനാട് വെളിയന്നൂര്‍ അക്കരവിളാകം കാവിന്റെ ഇപ്പോഴത്തെ കാരണവര്‍ ഓമനയമ്മ (86) ആണ്. 1984 ല്‍ കുഞ്ഞിലക്ഷ്മിയമ്മ പാര്‍വതിയമ്മ മരിച്ചതോടെയാണ് അക്കരവിളാകം തറവാട്ടിലെ സ്ത്രീകളില്‍ മുതിര്‍ന്ന ഓമനയമ്മയ്ക്ക് കാരണവര്‍ സ്ഥാനം കിട്ടിയത്. നൂറുവര്‍ഷം മുന്‍പ് ഓമനയമ്മയുടെ അച്ഛന്‍ വൈദ്യര്‍ കൃഷ്ണപിള്ള നാഗത്താന്‍ കാവില്‍ ഔഷധ സസ്യങ്ങള്‍ നട്ടുനനച്ചു. അതോടെ അക്കരവിളാകം കാവ് ഔഷധ സസ്യങ്ങളുടേയും ഉദ്യാനമായി.

പെരുമ്പള്ളിമൂഴി, താഴത്തുവീട്, അക്കരവിളാകം എന്നിങ്ങനെ മൂന്ന് കുടുംബങ്ങള്‍ക്ക് 300 വര്‍ഷം മുന്‍പ് ഭണ്ഡാര വകയായി വന്നുചേര്‍ന്നതാണ് 50 ഏക്കര്‍ ഭൂമി. കൂട്ടുകുടുംബമായാണ് ഇവര്‍ വെളിയന്നൂരിലെ തറവാട്ടില്‍ പാര്‍ത്തിരുന്നത്.

അക്കരവിളാകം കുടുംബത്തിന്റെ ഓഹരിയിലാണ് കാവും കുളവും വന്നത്. കാവു തീണ്ടരുതെന്ന പൂര്‍വികരുടെ ഓര്‍മ്മപ്പെടുത്തല്‍ അവര്‍ മറന്നില്ല. കുടുംബത്തിലെ തലമൂത്ത പെണ്‍കുട്ടികള്‍ക്ക് കൈമാറി കാവിനെ കാക്കണമെന്ന ആചാരം അലിഖിത നിയമമാക്കി. ഇന്നും അത് തെറ്റാതെ പിന്‍തുടരുകയാണ് അക്കരവിളാകത്തുകാര്‍.

ഇരുപതില്‍പ്പരം ഇനങ്ങളിലുള്ള പക്ഷികളും അത്രത്തോളം ശലഭ ജീവികളും ഈ കാവില്‍ വസിക്കുന്നുണ്ടെന്ന് കാരണവര്‍ ഓമനയമ്മ പറയുന്നു.

2013 ല്‍ വനം വകുപ്പ് കാവ് സംരക്ഷണ പദ്ധതിയില്‍ അക്കരവിളാകം കാവിനെ ഉള്‍പ്പെടുത്തി. വര്‍ഷം തോറും വനം വകുപ്പ് 20,000 രൂപ കാവിന്റെ സംരക്ഷണത്തിനായി കാരണവര്‍ക്ക് നല്‍കുന്നുണ്ട്. തലമുറ കൈമാറിയ കാരണവര്‍ സ്ഥാനം ദൈവ നിയോഗമാണ് അക്കരവിളാകത്തെ അമ്മമാര്‍ക്ക്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here