സെഞ്ച്വറിക്കണക്കില്‍ സച്ചിനെ മറികടക്കാന്‍ കോഹ്ലി ; ഇനി വേണ്ടത് എട്ട് സെഞ്ച്വറികള്‍

0

ക്വീന്‍സ് പാര്‍ക്ക് ഓവല്‍- വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ 125 പന്തിൽ 120 റൺസുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കുറിച്ചത് ഏകദിനത്തിലെ 42 ആം സെഞ്ചുറി. 49 അന്താരാഷ്ട്ര ഏകദിന സെഞ്ചുറികൾ നേടിയിട്ടുള്ള ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിൽ നിന്നും ഇനി എട്ട് സെഞ്ചുറികളുടെ അകലം മാത്രം.

23 വർഷത്തിനിടെ 463 ഏകദിനങ്ങളിൽ നിന്നാണ് സച്ചിൻ 49 സെഞ്ചുറി അടിച്ചതെങ്കിൽ 11 വർഷത്തിനിടെ 238 ഏകദിനങ്ങളിലാണ് കോഹ്ലിയുടെ 42 സെഞ്ചുറികൾ.

സച്ചിന് പിന്നിൽ ഏകദിനത്തിൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡും കോഹ്ലിക്ക് സ്വന്തമാണ്. 11406 റൺസ് സ്വന്തം പേരിലുള്ള വിരാട് കോഹ്ലി 11363 റൺസുള്ള സൗരവ് ഗാംഗുലിയെയാണ് പിന്നിലാക്കിയിരിക്കുന്നത്.

ഏകദിന ക്രിക്കറ്റിൽ മികച്ച ശരാശരിയോടെ മുന്നേറുന്ന വിരാട് കോഹ്ലി നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ പല റെക്കോർഡുകളും തിരുത്തിക്കുറിക്കാൻ പോന്ന പ്രതിഭാശാലിയാണെന്ന് ക്രിക്കറ്റ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

കോഹ്ലിയുടെ 42ആം സെഞ്ചുറിയുടെ മികവിൽ 59 റൺസിനാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യ വിജയിച്ചത്. ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.ഇന്ത്യ പരന്പരയില്‍ 1-0ന് മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here