രാജ്യസേവനം വേലിയിലെ പാമ്പാകുമ്പോൾ

0

തിരഞ്ഞെടുത്ത കർമ്മപഥത്തിന്റെ പ്രത്യേകത ഒന്നുകൊണ്ടു മാത്രം, ഒരേ കാലഘട്ടത്തിൽ ജനിച്ച്, ഏകദേശം ഒരേ വിദ്യാഭ്യാസ നിലവാരത്തിൽ എത്തിയ മൂന്നു യുവാക്കൾ, വർഷങ്ങൾക്കുശേഷം എവിടെ എത്തി നിൽക്കുന്നു എന്ന് പരിശോധിക്കുകയാണിവിടെ. ഒപ്പം അഴിമതിയെന്ന മഹാവിപത്തിനെതിരെ പട പൊരുതുന്നവർക്ക് സമൂഹം തുറന്ന പിൻതുണ നൽകണമെന്ന ഓർമപ്പെടുത്തലും.

ബുക്കാപുരം യുഗാന്തർ നാദെല്ല, ഹൈദരാബാദിൽ നിന്നുള്ള ഒരു ഐ എ എസ് ഓഫീസർ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ സത്യ നദെല്ല സ്കൂൾ-കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് ആന്ധ്രാപ്രദേശിലെയും കർണാടകത്തിലെയും സാധാരണ സ്ഥാപനങ്ങളിൽ നിന്നാണ്. മംഗളൂരു സർവകാലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയങ്ങിൽ ബിരുദം നേടിയശേഷം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായ സംഭവം നടന്നു. അമേരിക്കയിലെ മിൽവക്കിയിൽ ഉള്ള വിസ്കോൺസിൻ സർവകാലാശാലയിൽ ഉപരിപഠനത്തിനുള്ള അവസരം കിട്ടി. യുഗാന്തർ നാദെല്ല എന്ന ഐ. എ. എസ്. ഓഫീസറുടെ മകൻ ആ അവസരം തിരഞ്ഞെടുത്തു. ഇന്ത്യ വിട്ടു.

Microsoft CEO Satya Nadella With US President Donald Trump
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം സത്യ നദെല്ല

ഇപ്പോൾ ലോകത്തിലെ മികച്ച സ്ഥാപങ്ങളിൽ ഒന്നായ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ് അദ്ദേഹം. അമേരിക്കൻ പൗരത്വം സ്വീകരിച്ച് വാഷിങ്ങ്ടണിൽ താമസിക്കുന്നു അദ്ദേഹത്തിന്റെ ഒരു വർഷത്തെ ശമ്പളം ഇരുനൂറു കോടി രൂപയ്ക്കു മുകളിൽ ആണ്. ഏകദേശം ആയിരത്തി ഇരുനൂറ്റി അൻപതു കോടി രൂപ ആസ്തിയുണ്ട് അദ്ദേഹത്തിന്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ തലവന്മാരുടെ സുഹൃത്താണ് ഇപ്പോൾ അൻപത്തൊന്നു വയസുള്ള നദെല്ല. ഇന്ത്യയുടെ അഭിമാനം, യുവാക്കളുടെ ആവേശം. ലോകത്തിലെ ഏറ്റവും കാര്യശേഷിയുള്ള മനുഷ്യരോടൊത്തു ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്ന പല തീരുമാങ്ങളും എടുക്കുന്നു

സ്വപ്‌നതുല്യമായ ജീവിതം.

സത്യ നദെല്ല ജനിച്ച് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ഇങ്ങു തെക്ക് കേരളത്തിൽ തിരുവന്തപുരത്ത് രാജു നാരായണ സ്വാമി ജനിച്ചു. കോളേജ് അദ്ധ്യാപകനായിരുന്ന മാതാപിതാക്കൾ പൊടിനാളിൽ തന്നെ സ്വാമിയിൽ നല്ല ശീലങ്ങളും രാജ്യ സ്നേഹവും ഉറപ്പിച്ചിരുന്നു. അക്കാലത്ത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായിരുന്നു എസ് എസ് എൽ സി. കേരളസംസ്ഥാനത്തിന്റെ ശ്രദ്ധ മുഴുവൻ ഒരാളിലേക്ക് കേന്ദ്രീകരിക്കുന്ന ദിവസം. 1983-ലെ എസ് എസ് എൽ സിപരീക്ഷയിൽ സ്വാമി ഒന്നാം റാങ്കുനേടി. അന്നാണ് കേരളം സ്വാമിയെ ആദ്യം കാണുന്നത്. അന്നിറങ്ങിയ എല്ലാ പത്രങ്ങളുടെയും മുൻ പേജിൽ വലിയ ചിത്രം.

Dr. Raju Narayana Swamy IAS
ഡോ. രാജു നാരായണ സ്വാമി ഐ എ എസ്

അവിടുന്നിങ്ങോട്ട് തൊട്ടതെല്ലാം സ്വാമി പൊന്നാക്കി. ഒന്നാം റാങ്കുകളുടെ ഘോഷയാത്ര. ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ പരീക്ഷയായ ഐ ഐ ടി എൻട്രൻസ് പത്താം റാങ്കോടെ നേടിയ സ്വാമി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മദ്രാസ് ഐ ഐ ടിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. അദ്ധേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായ സംഭവം നടന്നത് ഇവിടെ വച്ചാണ്. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ മസാച്യുസെട്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനുള്ള അവസരം അദ്ധേഹത്തിനു കിട്ടി. പക്ഷെ രാജ്യസ്നേഹിയായ സ്വാമി ആ അവസരം തിരഞ്ഞെടുത്തില്ല. ഇന്ത്യയിൽ തുടർന്നു. അധികം താമസിയാതെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്. വീണ്ടും കേരളം സ്വാമിയെ അഭിമാനത്തോടെ നോക്കി. സ്വാമി അവിടെ നിന്നില്ല. ഇന്നത്തെ ഡോ. രാജു നാരായണ സ്വാമിയിലേക്ക് എത്തുന്നതിനിടയിൽ പതിനഞ്ചോളം വിഷയങ്ങളിൽ റാങ്കോടെ ബിരുദാനന്തര ബിരുദം നേടി.

സർക്കാർ സർവീസിൽ പ്രവേശിച്ച അന്നു മുതൽ സ്വാമിയുടെ നല്ല കാലം അവസാനിച്ചു. ചീഞ്ഞു നാറിയ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയിൽ അഴിമതിക്കാരായ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൊള്ളക്കാർ ശ്വാസം കിട്ടാതെ വലഞ്ഞു. അവർ അധികാരവും പണവും ഉപയോഗിച്ച് സ്വാമിയെ അക്രമിച്ചുകൊണ്ടിരുന്നു. സ്ഥാന മാറ്റങ്ങൾ, വിജിലൻസ് അന്വേഷങ്ങൾ, അപായപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, സസ്‌പെൻഷൻ തുടങ്ങി സ്വാമിയെ വരുതിയിലാക്കാൻ ഈ കൊള്ള സംഘം എടുത്തു പയറ്റാത്ത ആയുധങ്ങൾ ഇല്ല.ഏറ്റവും ഉടുവിൽ കഴിഞ്ഞ കുറെ മാസം ആയി മാസശമ്പളം പോലും നൽകാതെ അവസാന അടവുകൾ പരീക്ഷിച്ച് മടുത്ത് ഇപ്പോൾ ജോലിയിൽ നിന്ന് പിരിച്ച് വിടാൻ സർക്കാർ ആലോചിക്കുന്നു എന്ന് കേൾക്കുന്നു.

നരകതുല്യ ജീവിതം.

രാജു നാരായണ സ്വാമി ജനിച്ച് നാലു വർഷം കൂടി കഴിഞ്ഞാണ് മധുരയിൽ സുന്ദർ പിച്ചായ് ജനിക്കുന്നത്. ഖരക് പൂർ ഐ. ഐ. ടിയിൽ നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞ പിച്ചായ്, നാദെല്ലയുടെ വഴിയാണ് തിരഞ്ഞെടുത്തത്. ഉപരിപഠനത്തിനായി അമേരിക്കയിലെ സ്റ്റാൻഫർദ് സർവകാലാശാലയിൽ ചേർന്നു. ഇപ്പോൾ അമേരിക്കൻ പൗരത്വം സ്വീകരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ഗൂഗിളിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ് അദ്ദേഹം. ഒരു വർഷത്തെ ശമ്പളം എഴുനൂറു കോടി രൂപയ്ക്കു മുകളിൽ ആണ്. ഏകദേശം നാലായിരം കോടി രൂപ ആസ്തിയുണ്ട് അദ്ദേഹത്തിന്.

Sundar Pichai
സുന്ദർ പിച്ചായ്

ഡോ. രാജു നാരായണ സ്വാമി രാജ്യസേവനതിന്റെ പാത തിരഞ്ഞെടുത്തതിൽ ദുഃഖിക്കുന്ന ആളല്ല. നാലായിരം കോടി ആസ്തിയുണ്ടാക്കാമായിരുന്ന ഒരാളെ, നാലു മാസമായി ശമ്പളം കൊടുക്കാതെ നരകിപ്പിക്കുന്ന രാജ്യത്തെ വ്യവസ്ഥിതിയുടെ വീഴ്ചയെപ്പറ്റി മാത്രമാണ് സ്വാമി കഴിഞ്ഞ ദിവസവും നമ്മളെ ഓർമിപ്പിച്ചത്. ഡോ. ജേക്കബ് തോമസിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാൽ ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ തൊഴിലവസരവും, തത്തുല്യ സമ്പത്തും, അതിനിണങ്ങിയ ജീവിതസുഖങ്ങളും ലഭിക്കുമായിരുന്നിട്ടും രാജ്യസേവനത്തിന്റെ പാത തിരഞ്ഞെടുത്ത കേരളത്തിന്റെ ഈ അഭിമാന സ്തംഭങ്ങളെ തങ്ങളുടെ കർമ്മ പഥത്തിൽ നിന്ന് അകറ്റി ചങ്ങലയ്ക്കിട്ട് വീട്ടിൽ ഇരുത്തുന്നത്, ധീര ദേശാഭിമാനികളെ രാജ്യദ്രോഹകുറ്റം ചുമത്തി തൂക്കിലേറ്റുന്നതിനു സമമാണ്.

രാജ്യ സേവനത്തിന്റെ പാത തിരഞ്ഞെടുക്കുന്ന സത്യസന്ധരായ മിടുക്കന്മാരെയും മിടുക്കികളെയും ഇല്ലാതെയാക്കാൻ അഴിമതിക്കാരായ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൊള്ളസംഘം എക്കാലവും ശ്രമിക്കുന്നു. അവരുടെ ഇരയാകുന്ന ആദ്യത്തെയാളല്ല സ്വാമി, അവസാനത്തെയും. തീക്കോയി എന്ന ചെറു ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഡോ. ജേക്കബ് തോമസ് ഐ പി എസ് ആണ് കേരളത്തിലെ ഇപ്പോഴത്തെ ഡി ജി പി ആയിരിക്കേണ്ടത്. അദ്ദേഹം കഴിഞ്ഞ ഒരു വർഷത്തിലേറെയായി വീട്ടിൽ ഇരിക്കുന്നു. കാരണം ഇതു തന്നെ. അഴിമതിക്കെതിരെ നിലപാടെടുത്തു എന്നത് മാത്രമാണ്. സുരേഷ് കുമാർ ഐ എ എസ്സിനെ പോലെയുള്ള ഉരുക്കുമനുഷ്യർ മുതൽ, ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ്, അദീല അബ്ദുള്ള ഐ എ എസ് തുടങ്ങി യുവ ഉദ്യോഗസ്ഥർ വരെ എത്രയോ പേർ വേറെയും.

Dr. Jacob Thomas IPS
ഡോ. ജേക്കബ് തോമസ് ഐ പി എസ്

‘ദി കിങ്ങും’, ‘കമ്മീഷണറും’ സ്‌ക്രീനിൽ കാണുമ്പോൾ കയ്യടിക്കുന്ന മലയാളി, യഥാർത്ഥ ജീവിതത്തിലെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെയും, ഭരത് ചന്ദ്രനെയും സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങണം.

വളർന്നുവരുന്ന ഇന്നത്തെയും നാളത്തേയും തലമുറയിൽ ഒട്ടനവധി സുന്ദർ പിച്ചായിമാരും രാജു നാരായണ സ്വാമിമാരുമുണ്ട്. അവർ എല്ലാവരും പിച്ചായിയുടെയും നാദല്ലയുടെയും വഴി തിരഞ്ഞെടുത്താൽ ഈ രാജ്യം നരകതുല്യമാകും. കുറച്ചു പേരെങ്കിലും നമുക്ക് വേണം, നാടിനെ നേരിൻറെ പാതയിൽ നയിക്കാൻ. അതുണ്ടാകണമെങ്കിൽ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ അവരവരെക്കൊണ്ടാകുന്ന രീതിയിൽ ഡോ. സ്വാമിയുടെയും ഡോ. ജേക്കബ് തോമസിന്റെയും കൂടെ നിൽക്കുക. അടിയുറച്ച്.

#JusticeForRNSwami #JusticeForJThomas #FightAgainstCorruption

LEAVE A REPLY

Please enter your comment!
Please enter your name here