Saturday, July 6, 2024
spot_img

18-ാം ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓം ബിർള

ദില്ലി: 18-ാം ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ നാമനിർദേശം ചെയ്തിരിക്കുന്നത് ബിജെപി എംപിയും മുൻ സ്പീക്കറുമായ ഓം ബിർളയെയാണ്. ഇന്ന് രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനായി മുന്നോടിയായി ഓം ബിർള പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുകയും ഒറ്റക്കെട്ടായി മത്സരത്തെ നേരിടുമെന്നും അറിയിച്ചു. പ്രതിപക്ഷം സർക്കാരുമായി മികച്ച രീതിയിൽ സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, ഇൻഡി മുന്നണിയുടെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷിനെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. സമവായ ചർച്ചയിലൂടെയായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാൻ തയ്യാറായാൽ സ്പീക്കറെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ച സമവായത്തിലെത്താത്തതിനെ തുടർന്ന് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

543 അംഗ ലോക്‌സഭയിൽ 293 എംപിമാരുള്ള എൻഡിഎയ്‌ക്ക് ശക്തമായ ഭൂരിപക്ഷമുണ്ട്. 234 എംപിമാരാണ് ഇൻഡി സഖ്യത്തിനുള്ളത്. അതേസമയം, ഭർതൃഹരി മെഹ്താബാണ് നിലവിലെ പ്രോ ടേം സ്പീക്കർ.

Related Articles

Latest Articles