Thursday, July 4, 2024
spot_img

10 വർഷം തടവ്, ഒരു കോടി രൂപ പിഴ ! പരീക്ഷാ ക്രമക്കേടുകൾ തടയാൻ പുതിയ നിയമം പ്രാബല്യത്തിൽ

ദില്ലി : രാജ്യത്തുടനീളം നടക്കുന്ന പൊതുപരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷൻസ് പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ആക്ട് 2024 പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതോടെയാണ് നിയമം പ്രാബല്യത്തിലായത്.

നീറ്റ്, യുജിസി നെറ്റ് പരീക്ഷകളുടെ നടത്തിപ്പിലെ ക്രമക്കേടുകളെച്ചൊല്ലി വലിയ തോതിലുള്ള വിവാദം ഉയരുന്നതിനിടെയാണ് ഈ തീരുമാനം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ, ബാങ്കിംഗ് റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ പാർലമെന്റിൽ പാസാക്കിയ നിയമപ്രകാരം തട്ടിപ്പ് നടന്നതായി കണ്ടെത്തിയാൽ, ഇവർക്ക് മൂന്ന് മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷയും സംഘടിത കുറ്റകൃത്യമാണെങ്കിൽ ഇവർക്ക് 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ഈടാക്കും.

അതേസമയം, ചോദ്യപ്പേപ്പർ ചോർത്തുന്ന കുറ്റകൃത്യത്തിൽ ഒരു സ്ഥാപനമാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ ആ സ്ഥാപനത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഒപ്പം പരീക്ഷാ നടത്തിപ്പിന് ആനുപാതികമായ തുക ഇവരിൽ നിന്നും ഈടാക്കാനും നിയമം നിർദ്ദേശിക്കുന്നു. ചോദ്യപേപ്പറുകളോ ഉത്തരസൂചികകളോ ചോർത്തൽ, ഉദ്യോഗാർത്ഥികളെ സഹായിക്കുക, കമ്പ്യൂട്ടർ നെറ്റ്‌ വർക്കുകളിൽ കൃത്രിമം കാണിക്കുക, ആൾമാറാട്ടം, വ്യാജരേഖകൾ നിർമ്മിക്കുക, രേഖകളിൽ കൃത്രിമം കാണിക്കുക തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന ജാമ്യമില്ലാ കുറ്റകൃത്യങ്ങൾ ആണ്.

Related Articles

Latest Articles