Saturday, June 29, 2024
spot_img

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ്; കേസ് പുതിയ വഴിത്തിരിവിലേക്ക്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. ബാലഭാസ്‌ക്കറിന്റെ കാർ അപകടം നടന്ന സ്ഥലത്ത് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സരിത്തിനെ കണ്ടതായി വെളിപ്പെടുത്തി കലാഭവന്‍ സോബി ജോർജ്. മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ കണ്ടതിനെ തുടർന്നാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്ന് ഒരു പ്രമുഖ മാധ്യമത്തിനോട് അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടിരുന്നു .

ഇക്കാര്യം താൻ ആദ്യം ഗായകന്‍ മധു ബാലകൃഷ്ണനോട് പറഞ്ഞിരുന്നു. മധു വിവരം മാനേജര്‍ പ്രകാശ് തമ്പിയെ അറിയിക്കാന്‍ പറഞ്ഞു.തുടർന്ന് മാനേജരെ വിവരം അറിയിച്ചെങ്കിലും അയാൾ അത് ഗൗനിച്ചില്ല. എന്നാലിപ്പോൾ വാർത്തകളിൽ സരിത്തിന്റെ ഫോട്ടോ വരാൻ തുടങ്ങിയതിന് പിന്നാലെയാണ് ഇയാളെ താൻ തിരിച്ചറിഞ്ഞതെന്ന് സോബി വ്യക്തമാക്കി. സംഭവത്തിൽ, പൊലീസിന് മൊഴി നല്‍കാന്‍ തയ്യാറാണെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പെട്ട് പത്ത് മിനുറ്റിന് ശേഷം സോബി അതുവഴി കടന്നുപോയിരുന്നു. കോതമംഗലം സ്വദേശിയായ സോബി തിരുനെല്‍വേലിക്കായിരുന്നു യാത്ര പോയിരുന്നത്. ബാലഭാസ്‌കറാണ് അപകടത്തില്‍ പെട്ടതെന്ന് പിന്നീടാണ് സോബി അറിയുന്നത്. നേരത്തെ, ബാലഭാസ്കറിന്‍റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം, കേസ് സർക്കാർ സിബിഐയ്ക്ക് വിട്ടു.ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

Related Articles

Latest Articles